വൈദ്യുതി മുടങ്ങില്ല, പുതിയ സംവിധാനവുമായി കെ.എസ്.ഇ.ബി.
വൈദ്യുതിതടസ്സം പൂർണമായും ഒഴിവാക്കാനായി പുതിയ സംവിധാനവുമായി വൈദ്യുതിബോർഡ്. നഗര-ഗ്രാമപ്രദേശങ്ങളിൽ രണ്ടുസ്രോതസ്സുകളിൽനിന്നായി വൈദ്യുതി എത്തിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ഒരു ഫീഡറിൽനിന്ന് തടസ്സമുണ്ടായാൽ മറ്റൊരു ഫീഡറിൽനിന്ന് വൈദ്യുതിയെത്തിക്കുന്ന സംവിധാനമാണിത്. ഊർജ കേരള മിഷൻറെ 'ദ്യുതി 2021' വഴിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. വിതരണമേഖലയിൽ 7626 പ്രവൃത്തികൾക്ക് 4035.57 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. 2021-ഒാടെ പദ്ധതി പൂർത്തിയാക്കും. പുതിയ ഹൈടെൻഷൻ ലൈനുകൾ നിർമിക്കുക, ലോഡ് സെന്ററുകളിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുക, ശേഷികുറഞ്ഞ ലൈനുകൾ മാറ്റുക എന്നിവയാണ് പദ്ധതിയിലുള്ളത്. പ്രസരണനഷ്ടം പരമാവധി കുറയ്ക്കാനുള്ള സംവിധാനമൊരുക്കും. അപകടകരവും ഗതാഗതതടസ്സം സൃഷ്ടിക്കുന്നതുമായ വൈദ്യുതി വിതരണ ലൈനുകൾ കാലാനുസൃതമായി പുനഃക്രമീകരിക്കും. വൈദ്യുതിതടസ്സം കൂടുതലുള്ള സ്ഥലങ്ങളിൽ ഭൂഗർഭകേബിളുകൾ ഇട്ടുതുടങ്ങിയിട്ടുണ്ട്. തെരുവുവിളക്കുകൾക്കായി റിമോട്ട് കൺട്രോൾ സ്വിച്ച് ബോക്സുകൾ ട്രാൻസ്ഫോർമറുകളിൽ സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.