സൗദിയില്‍ സ്പോണ്‍സര്‍ വേണ്ടാത്ത പ്രത്യേക ഇഖാമ ആര്‍ക്കൊക്കെ?
യൂറോപ്പിലെ ഗ്രീന്‍ കാര്‍ഡ് സ്വഭാവത്തിലാണ് സ്പോണ്‍സര്‍ വേണ്ടാത്ത താമസ രേഖകള്‍ ലഭിക്കുക
സൗദി ശൂറാ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകരിച്ച ‘എക്സലന്‍സ് ഇഖാമ’ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് മുതല്‍കൂട്ടാകും. യൂറോപ്യന്‍ രാജ്യങ്ങളിലെ ഗ്രീന്‍ കാര്‍ഡ് സ്വഭാവത്തിലാണ് പുതിയ ഇഖാമകള്‍. വിദേശ ധന മേഖലകളിലെ വിദഗ്ധരും നിക്ഷേപകരും ഇതര രാജ്യങ്ങളിലേക്ക് പറക്കുന്നതും പുതിയ ഇഖാമ ഇറങ്ങുന്നതോടെ തടയാനാകുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
എക്സലന്‍സ് ഇഖാമയുടെ പ്രത്യേകതകള്‍:
1. നിലവില്‍ സ്പോണ്‍സര്‍ ഉള്ളവര്‍ക്കാണ് സൗദിയില്‍ ഇഖാമ അഥവാ താമസ രേഖ അനുവദിക്കുന്നത്. സ്പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക താമസരേഖയാണ് എക്സലന്‍സ് ഇഖാമകള്‍.
2. പ്രത്യേക ഇഖാമ സ്വന്തമാക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം ബന്ധുക്കളേയും സൗദിയിലേക്ക് കൊണ്ടു വരാം.
3. പതിറ്റാണ്ടുകളായി സൗദിയില്‍ കുടുംബ സമേതം താമസിക്കുന്നവര്‍ക്ക് നേട്ടമാകും ഗ്രീന്‍ കാര്‍ഡ് സ്വഭാവത്തിലുള്ള ഇഖാമകള്‍.
4. ബിസിനസ് രംഗത്തുള്ളവരെ ഉദ്ദേശിച്ചാണ് ആദ്യ ഘട്ടത്തില്‍ ഇഖാമകള്‍ അനുവദിക്കുക. രാഷ്ട്രത്തിന്റെ സമ്പദ്ഘടനക്ക് മുതല്‍ കൂട്ടാകുമെന്ന് ബോധ്യപ്പെടുന്ന ധനസ്ഥിതിയും ബിസിനസ് വളര്‍ച്ചയുമുള്ളവര്‍ക്ക് എളുപ്പമാകും ഇഖാമ ലഭിക്കല്‍.
5. സ്പോണ്‍സര്‍മാരെ ലഭിക്കാതെ പ്രയാസപ്പെടുന്ന നിക്ഷേപകര്‍ക്കും കുടുംബത്തിനും പുതിയ തരം ഇഖാമകള്‍ നേട്ടമുണ്ടാക്കും.
6. ഗ്രീൻ കാർഡിന് സമാനമായ എക്‌സലൻസ് ഇഖാമ പെട്രോളിതര മേഖലാ വരുമാനം വർധിപ്പിക്കും.
7. രാജ്യത്തുള്ള വിദേശികള്‍ ഓരോ മാസവും ശമ്പളം നാട്ടിലേക്കയക്കുന്ന രീതിയാണ് നിലവില്‍. ഗ്രീന്‍ കാര്‍ഡ് അനുവദിച്ച് ബന്ധുക്കള്‍ക്കും രാജ്യത്തെത്താനായാല്‍ വിപണിയില്‍ പണമിറങ്ങും. ഇതോടെ വിദേശത്തേക്ക് പണമൊഴുകുന്നതും ബിനാമി ബിസിനസിനും തടയിടാനാകും.
ഇഖാമ ലഭിക്കാനുള്ള നിബന്ധനകള്‍:
1. ഇഖാമക്ക് പ്രത്യേകം പണമടക്കണം. തുകയും വിശദാംശങ്ങളും മന്ത്രിസഭാ അംഗീകാരത്തിന് ശേഷം പ്രഖ്യാപിക്കും.
2. ക്രിമിനല്‍ കേസുണ്ടാകരുത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അകപ്പെട്ടവര്‍ക്കും ലഭിക്കില്ല.
2. അന്തര്‍ദേശീയ തലത്തില്‍ ഭീഷണി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളോ പകര്‍ച്ച വ്യാധികളോ ഉള്ളവര്‍ക്ക് ലഭിക്കില്ല.
3. പാസ്പോര്‍ട്ടിന് മതിയായ കാലാവധി വേണം. എത്ര കാലത്തേക്കാണോ പ്രത്യേക ഇഖാമ സ്വന്തമാക്കുന്നത്, അത്രയും കാലാവധി പാസ്പോര്‍ട്ടിനും ഉണ്ടാകണം
ശൂറയാണ് പുതിയ തരം ഇഖാമകള്‍ക്ക് അംഗീകാരം നല്‍കിയത്. മന്ത്രിസഭയാണ് പുതിയ തരം ഇഖാമകള്‍ അനുവദിക്കാനുള്ള അന്തിമ അംഗീകാരം നല്‍കുക.