ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയിൽ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 59 മണ്ഡലങ്ങളിൽ 979 സ്ഥാനാർഥികളുടെ വിധിയെഴുതും. ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാർഖണ്ഡിൽ നാലും ഉത്തർപ്രദേശിൽ പതിന്നാലും ഹരിയാണയിൽ പത്തും ഡൽഹിയിൽ ഏഴും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 45 സീറ്റുകളിലും 2014-ൽ ബിജെപിക്കായിരുന്നു വിജയം.
ഇതിനിടെ പശ്ചിമ ബംഗാളിലെ ഝാർഗാം ജില്ലയിൽ ശനിയാഴ്ച രാത്രിയോടെ ഒരു ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൃണമൂൽ കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. തൃണമൂൽ ഇത് നിഷേധിച്ചിട്ടുണ്ട്. ഝാർഗാമിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകം. രമൺ സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ രണ്ടിടങ്ങളിലായി രണ്ട് ബിജെപി പ്രവർത്തകർക്ക് വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധയിടങ്ങളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷം തുടരുന്നുമുണ്ട്.
19-നാണ് അവസാനഘട്ട വോട്ടെടുപ്പ്. 23-നാണ് വോട്ടെണ്ണൽ.