Peruvayal News

Peruvayal News

കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ വ്യാപക സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു

കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ വ്യാപക സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു

ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ കൊൽക്കത്തയിൽ വ്യാപക സംഘർഷം. അമിത് ഷായുടെ റാലിയിലെ വാഹനത്തിന് നേരെ കൽക്കട്ട സർവകലാശാല ക്യാമ്പസിൽനിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ ബി.ജെ.പി. പ്രവർത്തകരും അക്രമാസക്തരായി. വാഹനങ്ങൾ കത്തിക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തു.


കൊൽക്കത്ത നഗരത്തിൽനിന്ന് നോർത്ത് കൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ റാലി സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്തത്. ബി.ജെ.പി. റാലി കൽക്കട്ട സർവകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു.


സർവകലാശാല ക്യാമ്പസിൽനിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയർന്നു. ഇതിനു മറുപടിയായി ബി.ജെ.പി. പ്രവർത്തകർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് സർവകലാശാല ക്യാമ്പസിൽനിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടർന്ന് ബി.ജെ.പി. പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പോലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടർന്നു. പിന്നീട് തൃണമൂൽ പ്രവർത്തകരെ ക്യാമ്പസിനകത്താക്കി സർവകലാശാലയുടെ ഗേറ്റുകളെല്ലാം പോലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കിയത്. വിദ്യാസാഗർ കോളേജിലെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തിൽ തകർത്തു.

സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. തുടർന്ന് ബി.ജെ.പി. പ്രവർത്തകർ സർവകലാശാല പരിസരത്ത് നിന്നും പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

Don't Miss
© all rights reserved and made with by pkv24live