കൊച്ചി വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 14ന്
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ 14ന് പറന്നുയരും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2,720 തീർഥാടകരാണ് ഈ വർഷം നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രയാകുക. ലക്ഷദ്വീപിൽ നിന്നുള്ള 342 ഹാജിമാരും ഇതിൽ ഉൾപ്പെടും. ഹജ്ജ് ക്യാമ്പ് ജൂലൈ 13ന് ഔദ്യോഗികമായി ആരംഭിക്കും. 14ന് ഉച്ചക്ക് രണ്ട് മണിക്കാണ് തീർഥാടകരുമായി ആദ്യ വിമാനം യാത്രയാകുന്നത്. ഈ വർഷം എയർ ഇന്ത്യയാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ്ജ് സർവീസ് നടത്തുക.
ഈ വർഷം മുതലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കായി രണ്ട് എംബാർക്കേഷൻ പോയിന്റുകൾ അനുവദിക്കപ്പെട്ടത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ കരിപ്പൂരിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിൽ യാത്ര ചെയ്യുന്ന തീർഥാടകർ ഹജ്ജ് കർമം നിർവഹിക്കാൻ പുറപ്പെടും.
കഴിഞ്ഞ വർഷം ഹജ്ജ് ക്യാമ്പ് ഒരുക്കിയ സിയാൽ ഏവിയേഷൻ അക്കാദമിയിലാണ് ഈ വർഷവും നെടുമ്പാശ്ശേരിയിൽ ക്യാമ്പ് ഒരുക്കുന്നത്. ഹജ്ജ് ക്യാമ്പിനായി മുൻ വർഷം നിർമിച്ച ക്യാന്റീൻ, ശുചിമുറി സൗകര്യങ്ങൾ അതേപടി തന്നെ ഇവിടെ നിലനിർത്തിയിട്ടുണ്ട്. താത്കാലികമായി ഒരുക്കേണ്ട മറ്റ് സൗകര്യങ്ങളെ കുറിച്ചും ഇതിനകം തന്നെ വ്യക്തമായ രൂപരേഖ തയ്യാറാക്കിയിരുന്നു. സിയാലിന്റെ പൂർണ സഹകരണത്തോടെയായിരിക്കും നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ നടക്കുക. ഇതിനായി ഏവിയേഷൻ അക്കാദമി താത്കാലികമായി വിട്ടുനൽകുകയാണ് ചെയ്യുന്നത്.
നാല് ദിവസങ്ങളിലായി എട്ട് സർവീസുകളാണ് എയർ ഇന്ത്യ ചാർട്ട് ചെയ്തിരിക്കുന്നത്. ഓരോ വിമാനത്തിലും 340 പേർ വീതമാണ് യാത്രയാകുക. ഓരോ ദിവസവും 680 തീർഥാടകർ യാത്ര പുറപ്പെടാൻ ഹജ്ജ് ക്യാമ്പിലെത്തും. ആഗസ്റ്റ് 29 മുതൽ സെപ്തംബർ ഒന്ന് വരെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന തീർഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര. നെടുമ്പാശ്ശേരിയിൽ നിന്ന് മദീനയിലെത്തുന്ന തീർഥാടകർ മദീന സന്ദർശനത്തിന് ശേഷമായിരിക്കും ഹജ്ജ് കർമത്തിനായി മക്കയിൽ എത്തുക. ഹജ്ജ് കർമം പൂർത്തിയാക്കിയ ശേഷം ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇവർ നാട്ടിലേക്ക് മടങ്ങുക.