2019 ജൂൺ 22 മുതൽ ജൂലൈ 6വരെ തിരുവാതിരഞാറ്റുവേല
ഞാറ്റുവേലകളിൽ പ്രധാനം തിരുവാതിരഞാറ്റുവേല...
ഞാറ്റുവേലകളിലെ രാജാവായ തിരുവാതിര ഞാറ്റുവേല എത്തുന്നു... ജൂൺ 22നു തിരുവാതിര ഞാറ്റുവേല ആരംഭിക്കുകയാണ്...
ജ്യോതിഷപ്രകാരമുള്ള പഞ്ചാംഗം നോക്കിയാണു തിരുവാതിര ഉൾപ്പെടെയുള്ള ഞാറ്റുവേലകൾ എന്നാണു തുടങ്ങുന്നത് എന്നു മനസ്സിലാക്കുന്നത്.വർഷം മുഴുവൻ ഞാറ്റുവേലയുണ്ട്. എന്നാൽ, തിരുവാതിര ഞാറ്റുവേല എത്തുമ്പോൾ മാത്രമാണു നാം ഞാറ്റുവേലയെക്കുറിച്ചു ചിന്തിക്കുന്നത് എന്നു മാത്രം. ജൂൺ 22 ശനിയാഴ്ച വൈകിട്ട് 5 .18 മുതൽ ജൂലൈ ആറ് ശനിയാഴ്ച വൈകിട്ട് 4 .50 വരെയാണ് ഇക്കൊല്ലത്തെ (2019) തിരുവാതിര ഞാറ്റുവേല
മേടം മുതൽ മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകൾ ഉണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഓരോ ഞാറ്റുവേലയും 13-14 ദിവസമാണ്. എന്നാൽ, തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം വരെ നീണ്ടുനിൽക്കും.അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ വ്യക്തമായ കാർഷിക കലണ്ടർ പഴമക്കാർ ഉണ്ടാക്കിയിരുന്നു. കൃഷിപ്പണിക്കും ജ്യോതിഷം ആവശ്യമായിരുന്നു എന്നർഥം
തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ പെയ്യും എന്നാണു ചൊല്ല്. തിരുവാതിരയിൽ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയിൽ എന്നുമുണ്ട് ചൊല്ല്
സൂര്യൻ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകൾക്കു പേരിട്ടിരിക്കുന്നത്. അശ്വതി നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലം അശ്വതി ഞാറ്റുവേല. ഭരണി നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലം ഭരണി ഞാറ്റുവേല
സൂര്യൻ ഏതു നക്ഷത്രത്തിനു നേരെയാണെന്നു ജ്യോതിഷപ്രകാരമുള്ള പഞ്ചാംഗം നോക്കിയാൽ മനസ്സിലാക്കാം...