ജൂണ്‍ 20 ലോക അഭയാര്‍ഥിദിനം
നാടും വീടും സമ്പത്തും നഷ്ടമായി മറ്റൊരു രാജ്യത്തിന്‍റെ ആശ്രയത്വത്തിന് യാചിക്കേണ്ടിവരുന്നവര്‍. അഭയാര്‍ത്ഥികള്‍... മതത്തിന്‍റേയും നിറത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ വൈരങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ അഭയാര്‍ത്ഥികളാകപ്പെടുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.
ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമാണ്. അഭയാര്‍ത്ഥികള്‍ ഏറ്റുവാങ്ങുന്ന പീഢനങ്ങളും കഷ്ടപ്പാടുകളും കണ്‍തുറന്ന് കാണുവാനും അവയ്ക്ക് ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുവാനും ലോകത്തെ ചിന്തിപ്പിക്കാന്‍ ഈ ദിനത്തിന് കഴിയേണ്ടിയിരിക്കുന്നു.
ലോക അഭയാര്‍ത്ഥി ദിനം ഈ പരിഹാരമാര്‍ഗ്ഗം തേടലിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്. വീടെന്ന് പറയാന്‍ ഒരു സ്ഥലവും, അന്തസിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും പുനര്‍നിര്‍മ്മാണവും എന്നതാണ് ഈ വര്‍ഷത്തെ വിഷയം
അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള വെല്ലുവിളിയാണ് അഭയാര്‍ത്ഥികള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഏറ്റെടുത്തിരിക്കുന്നത്. അത് ഫലവത്തായി നിറവേറ്റണമെങ്കില്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണവും മനുഷത്വപരവുമായ സമീപനം സ്വീകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയാറാകേണ്ടിയിരിക്കുന്നു.
അഭയാര്‍ത്ഥി - നിര്‍വ്വചനം
സ്വന്തം രാജ്യത്തുനിന്ന് പാലായനം ചെയ്യേണ്ടിവരുന്നതിന് ഒരു വ്യക്തിക്ക് അല്ലെങ്കില്‍ ഒരു ജനസമൂഹത്തിന് കാരണങ്ങള്‍ പലതാണ്.
1951 ലെ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ രാഷ്ട്രീയ വിശ്വാസത്തിന്‍റെ പേരില്‍, മതത്തിന്‍റെ പേരില്‍, ദേശീയതയുടെ പേരില്‍, ഏല്‍ക്കേണ്ടിവരുന്ന മറ്റ് പീഢനങ്ങളുടെ പേരില്‍ പാലായനം ചെയ്യുന്നവരെയാണ് അഭയാര്‍ത്ഥികളുടെ നിര്‍വ്വചനത്തില്‍ പെടുത്തിയിരിക്കുന്നത്. ഈ നിര്‍വ്വചനം തന്നെയാണ് ഇപ്പോഴും തുടര്‍ന്ന് പോരുന്നത്.
അഭയാര്‍ത്ഥിത്വത്തിന്‍റെ ദുരിതം പേറുന്നവര്‍ക്ക് ആ മേല്‍വിലാസത്തില്‍തന്നെ എന്നും ജീവിക്കേണ്ടിവരുന്നു. അഭയം നല്‍കിയ രാജ്യത്തിന്‍റെ പുരോഗതിയില്‍ ഏതൊക്കെ രീതിയില്‍ ഭാഗഭാക്കായാലും അവര്‍ അഭയാര്‍ത്ഥികള്‍ എന്ന വിളിപ്പേരില്‍നിന്ന് മോചിതരാകുന്നില്ല.
ഏറെ തീക്ഷ്ണം ആഫ്രിക്കയിൽ
വംശീയ-ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥി പ്രശ്നം ഏറെ തീക്ഷണമാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിക്കാന്‍ ഭക്ഷണമില്ലാതെ, മെലിഞ്ഞുണങ്ങിയ മനുഷ്യകോലങ്ങളുടെ ഭീതിദ ചിത്രം നാം ഓരോ ദിനവും കണ്ടുകൊണ്ടിരിക്കുന്നു. സ്വന്തം നാട്ടില്‍പോലും അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്ന ജനങ്ങളുടെ രോദനവും മുന്നേറ്റത്തിന്‍റെ കഥ പറയുന്ന ആധുനിക ലോകത്തിന് കേള്‍ക്കേണ്ടിവരുന്നു.
യുദ്ധം നാശംവിതച്ച അഫ്ഗാനില്‍നിന്നും ഇറാഖില്‍നിന്നും വന്‍ അഭയാര്‍ത്ഥി പ്രവാഹമാണ് സമീപരാജ്യങ്ങളിലേക്ക് ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാനില്‍ നിന്നും പാകിസ്ഥാനിലേക്ക് പാലായനം ചെയ്തവര്‍ 38,09,600 പേരാണ്.
ഇറാഖില്‍നിന്ന് ഇറാനിലേക്ക് 5,54,000 പേരും ബറുണ്ടിയില്‍നിന്ന് ടാന്‍സാനിയയിലേക്ക് 5,30,000 പേരും വിയറ്റ്നാം, ചൈന എന്നിവിടങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് 5,53,200 പേരും എരിത്രിയയില്‍നിന്ന് സുഡാനിലേക്ക് 3,33,100 പേരും അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, ഉഗാണ്ട, എത്യോപ്യ, കോംഗോ, കെനിയ, മധ്യആഫ്രിക്കന്‍ റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളില്‍ നിന്ന് ജനങ്ങള്‍ പരസ്പരം അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.
അഭയാര്‍ത്ഥി പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ബന്ധപ്പെട്ട സംഘടനകള്‍ നടത്തുന്നുണ്ട്. പ്രധാനമായും രണ്ട് പരിഹാരമാര്‍ഗങ്ങളാണ് മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്. ഒന്ന് അഭയാര്‍ത്ഥികളെ അവരുടെ സ്വന്തം രാജ്യത്തേക്കുതന്നെ മടക്കിക്കൊണ്ടുവരികയും പുനരധിവസിപ്പിക്കുകയും ചെയ്യുക. രണ്ട്, അഭയം നല്‍കിയ രാജ്യത്ത് തന്നെ അവരെ താമസിപ്പിക്കുക അല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്ത് പുനരധിവസിപ്പിക്കുക എന്നതാണവ.
എന്നാല്‍ പരിഹാരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അപ്പുറത്ത് അഭയാര്‍ത്ഥി പ്രവാഹം തുടരുകതന്നെയാണ്. വരും നാളുകളില്‍ അത് ഭീതിതമായ തോതില്‍ വര്‍ദ്ധിക്കാനും സാധ്യത ഏറെ.