Peruvayal News

Peruvayal News

ലോകത്ത് ശുദ്ധമായ കുടിവെള്ളമില്ലാതെ 220 കോടി പേർ

ലോകത്ത് ശുദ്ധമായ കുടിവെള്ളമില്ലാതെ 220 കോടി പേർ



ലോകത്ത് ശുദ്ധമായ കുടിവെള്ളം കിട്ടാതെ 220 കോടിയോളം ആളുകൾ കഴിയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. 420 കോടിയോളംപേർക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല. ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്.ഒ.) യൂണിസെഫും ചേർന്നുനടത്തിയ പഠനത്തിൽ 300 കോടിയാളുകൾക്ക് ഏറ്റവും അടിസ്ഥാനമായ കൈകഴുകാനുള്ള സൗകര്യംപോലും ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

2000 മുതൽ 2017 വരെയുള്ള കാലയളവിൽ കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലയിലുണ്ടായ വികസനത്തെക്കുറിച്ചും ഈമേഖലകളിലെ അസമത്വം സംബന്ധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.


രണ്ടായിരത്തിലേതിനെ അപേക്ഷിച്ച് 180 കോടി അധികം ആളുകൾക്ക് 2017 എത്തിയപ്പോഴേക്കും കുടിവെള്ളം ലഭ്യമായിട്ടുണ്ട്. അതേസമയം, അടിസ്ഥാനസൗകര്യവിതരണത്തിൽ വലിയ അസമത്വമാണുള്ളതെന്ന് യൂണിസെഫിന്റെ ഡബ്ല്യു.എ.എസ്.എച്ച്. വിഭാഗം അസോസിയേറ്റ് ഡയറക്ടർ കെല്ലി ആൻ നെയ്ലർ പറഞ്ഞു. ദരിദ്രകുടുംബങ്ങളിലുള്ളവർക്കും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുമാണ് ദുരിതം.


തുറസ്സായ പ്രദേശത്ത് മലമൂത്രവിസർജനം നടത്തുന്നവരുടെ എണ്ണം ഇക്കാലയളവിൽ പകുതിയിലധികം കുറഞ്ഞു. രണ്ടായിരത്തിൽ ഇത് 21 ശതമാനമായിരുന്നെങ്കിൽ 2017 എത്തിയപ്പോഴേക്കും ഒൻപതുശതമാനമെത്തി. ലോകത്താകമാനം 6.73 കോടിയാളുകളാണ് നിലവിൽ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നത്.


അതേസമയം, വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തിൽ ഓരോവർഷവും അഞ്ചുവയസ്സിനുതാഴെയുള്ള 2,97,000 കുട്ടികളാണ് മരിക്കുന്നത്. കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ മൂലമാണ് ഏറ്റവുമധികംപേർ മരിക്കുന്നത്.

Don't Miss
© all rights reserved and made with by pkv24live