പ്ലസ്‌വൺ: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 24-ന്
പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 24-ന് പ്രസിദ്ധീകരിക്കും. ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ അപേക്ഷ പുതുക്കാം.
ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ബുധനാഴ്ച //hscap.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് പുതിയ ഓപ്ഷനുകൾ ചേർത്താണ് അപേക്ഷ പുതുക്കേണ്ടത്. നേരത്തേ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ഹാജരാക്കിയ സ്കൂളിലെ പ്രിൻസിപ്പലിനാണ് പുതുക്കൽ അപേക്ഷ നൽകേണ്ടത്.
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ ഉൾപ്പെട്ടവർക്ക് ചൊവ്വാഴ്ച വൈകീട്ട് നാലുവരെ സ്കൂളിൽ ചേരാം. 73,107 കുട്ടികളാണ് ഇതിലുണ്ടായിരുന്നത്. 9497 സീറ്റുകൾ മിച്ചംകിടക്കുന്നു. ഈ സീറ്റുകളും അലോട്ട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തവരുടെ സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കും. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കും. തുടർന്ന് ഈ വിഭാഗത്തിൽ മിച്ചമുള്ള സീറ്റുകളും ഏകജാലകം വഴിയുള്ള പൊതുമെറിറ്റിലേക്ക് മാറ്റും.
അഞ്ച് ജില്ലകളിൽ സീറ്റ് വർധിപ്പിക്കും
തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സർക്കാരിന് സാമ്പത്തികബാധ്യത വരാത്തവിധം പ്ലസ്വൺസീറ്റുകൾ വർധിപ്പിക്കും. 10 ശതമാനം (ഒരു ബാച്ചിൽ അഞ്ച് സീറ്റുകൾ) സീറ്റുവർധനയാണ് ആലോചിക്കുന്നത്.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിലെ പ്രവേശന നിലകൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇപ്പോൾ അപേക്ഷകരെക്കാൾ കൂടുതൽ പ്ലസ് വൺ സീറ്റുകളുണ്ട്. ഈ ജില്ലകളിൽ വിദ്യാർഥികളില്ലാത്ത ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റാൻ ആലോചനയുണ്ട്. കഴിഞ്ഞ അധ്യയനവർഷം എട്ട് ബാച്ചുകൾ ഇങ്ങനെ മാറ്റിയിരുന്നു.