വായന ശീലം വളർത്താൻ 2500 ഇൽ പരം പുസ്തകങ്ങളുള്ള സൗജന്യ ലൈബ്രറി ഒരുക്കി കൊച്ചിയുടെ സ്വന്തം പതിനൊന്നുകാരി കുഞ്ഞു മിടുക്കി യശോദ.
വായിക്കാനറിഞ്ഞിട്ടും പുസ്തകങ്ങൾ വായിക്കാത്ത ഒരു വ്യക്തിയും, വായിക്കാനറിയാത്ത ഒരാളും ഒരുപോലെ തന്നെയാണ്". മഹാനായ മാർക്ക് ട്വൈൻ പറഞ്ഞ വാചകമാണിത്. ടീവിയും, കംപ്യൂട്ടറും, മൊബൈൽ ഫോണും, സോഷ്യൽ മീഡിയയും കീഴടക്കിയ ഈ ലോകത്ത് പുതിയ തലമുറയിൽ പുസ്തക വായന കുറഞ്ഞു വരുന്നതിൽ അത്ഭുതമില്ല. വിരൽ തുമ്പിൽ വീഡിയോകളും, വിവരങ്ങളും ഒക്കെ കിട്ടുമ്പോൾ ആർക്കാണ് സമയം പുസ്തകം വാങ്ങാനും, വായിക്കാനും?
ലൈബ്രറികൾ ഒരു പൂങ്കാവനമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇന്ന് ലൈബ്രറികൾ കാഴ്ച ബംഗ്ലാവ് പോലെയായി എന്നതാണ് സത്യം. തിരിഞ്ഞു നോക്കിയാൽ സമൂഹത്തിൽ വിജയിച്ചവരൊക്കെ നല്ല പുസ്തക വായനക്കാരായിരുന്നു എന്നതാണ് സത്യം. ഒന്ന് തർക്കിക്കാൻ വേണമെങ്കിൽ പറയാം, അതിപ്പോ ഓൺലൈനിൽ വായിച്ചാൽ പോരേ എന്ന്. പുസ്തക വായന ശീലമാക്കിയവർക്കറിയാം, ഒരു പുസ്തകവുമായി ഇരുന്ന് വായിച്ചാൽ കിട്ടുന്ന അറിവ്, നമ്മുടെ ശ്രദ്ധ ഏതു നിമിഷവും തിരിച്ചു വിടുന്ന ഓൺലൈൻ വായനയിൽ കിട്ടില്ല എന്ന്.
പുതു തലമുറയ്ക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, വായന ശീലം കുറവാണ് എന്ന് പറയുന്നവരുടെ മുന്നിൽ വ്യത്യസ്തയാവുകയാണ് വെറും പതിനൊന്നു വയസുള്ള മട്ടാഞ്ചേരി സ്വദേശിനിയായ കുഞ്ഞു മിടുക്കി യശോദ. പുസ്തകം വായിക്കുന്നതെന്തിനാ ഫീസ് എന്ന അച്ഛനോടുള്ള ചോദ്യത്തിൽ നിന്നാണ് തുടക്കം.
ചെറുപ്പം മുതൽ വായന ശീലമുള്ള, മട്ടാഞ്ചേരി ടി ഡി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ യശോദ മൂന്നാം ക്ലാസ് മുതൽ അച്ഛന്റെ പുസ്തക ശേഖരത്തിൽ നിന്ന് വായന തുടങ്ങി. അതിനൊപ്പം സ്കൂൾ ലൈബ്രറിയിലുള്ള പുസ്തകങ്ങളുമൊക്കെ വായിച്ചു തീർത്തതിന് ശേഷമാണ് അച്ഛൻ ദിനേശ് ഷേണായ് വീടിനടുത്തുള്ള ലൈബ്രറിയിൽ യശോദയ്ക്ക് മെമ്പർഷിപ് എടുക്കാൻ ശ്രമിച്ചത്. പക്ഷെ പ്രായ പൂർത്തിയാവാത്തതു കൊണ്ട്, ചേട്ടന്റെ പേരിലാണ് മെമ്പർഷിപ് കിട്ടിയത്. ചില പുസ്തകങ്ങൾ വായിക്കാൻ കൂടുതൽ പണം കൊടുക്കണം എന്ന് മനസ്സിലാക്കിയ യശോദ അച്ഛനോട് നിഷ്കളങ്കമായി ചോദിച്ചു, "കയ്യിൽ പണമുള്ള നമ്മൾ പണം കൊടുത്തു പുസ്തകം വായിക്കുന്നു, അപ്പോൾ പണം ഇല്ലാത്തവർ പുസ്തകം വായിക്കണ്ടേ"? തന്നെ പോലെ പുസ്തകം ഇഷ്ടപ്പെടുന്നവർക്ക് ഒരു സൗജന്യ ലൈബ്രറി വേണം എന്ന് യശോദ ആഗ്രഹിച്ചതപ്പോഴാണ്.
കുഞ്ഞു മനസ്സിലെ നന്മ മനസ്സിലാക്കിയ അച്ഛൻ വാങ്ങി കൊടുത്ത നൂറു പുസ്തകവുമായി തുടങ്ങിയതാണ് യശോദയുടെ ലൈബ്രറി. മകളുടെ ലൈബ്രറി വലുതാക്കാൻ ദിനേശ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു, പുസ്തകം സൗജന്യമായി സംഭാവന തരാൻ താല്പര്യമുള്ളവർക്ക് തരാം എന്നായിരുന്നു ആ പോസ്റ്റ്. പോസ്റ്റ് വൈറൽ ആയി എന്ന് മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായി, 2500 ഇൽ പരം പുസ്തകങ്ങളാണ് കേവലം ഒരു മാസത്തിനുള്ളിൽ യശോദയ്ക്ക് ലഭിച്ചത്. അതിൽ കൂടുതലും പുതിയ പുസ്തകങ്ങൾ തന്നെയായിരുന്നു. വീടിന്റെ ഒരു ഭാഗം ലൈബ്രറി തുടങ്ങാനായി ദിനേശ് മകൾക്കു വിട്ടുകൊടുത്തു, അങ്ങിനെ കഴിഞ്ഞ ജനുവരി 26 നു യശോദാസ് ലൈബ്രറിക്ക് തുടക്കമായി. പി എസ് സി മുൻ ചെയർമാനായ ശ്രീ കെ എസ് രാധാകൃഷ്ണൻ ആയിരുന്നു ലൈബ്രറി ഉൽഘാടനം ചെയ്തത്.
ലൈബ്രറിയിൽ ചേരുമ്പോൾ ഒരു അംഗത്വ കാർഡ് ലഭിക്കും, ഏതു പ്രായക്കാർക്കും സൗജന്യമായി പുസ്തകം എടുക്കാം, പതിനഞ്ചു നാളുകൾക്കുള്ളിൽ തിരിച്ചു കൊടുക്കണം എന്ന നിബന്ധനയോടെ ആണ് എന്ന് മാത്രം. ഇന്ന് നിരവധി പേരാണ് ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നത്. പ്രായമായവർ ആവശ്യപ്പെട്ടാൽ പുസ്തകം വീട്ടിൽ എത്തിച്ചു കൊടുക്കും യശോദയുടെ ലൈബ്രറിയിൽ നിന്ന്. അച്ഛൻ ദിനേശ് ഷേണായ്, 'അമ്മ ആശയും, ചേട്ടൻ അച്ചൂതും, കൂട്ടുകാരും, സ്കൂളും, നാട്ടുകാരും, സോഷ്യൽ മീഡിയയും ഒക്കെ പിന്തുണയുള്ളപ്പോൾ, യശോദാസ് ലൈബ്രറി വളരും എന്നുറപ്പാണ്.
അക്ഷരങ്ങളിലൂടെയാണ് നമ്മുടെ വളർച്ചയെന്ന് ചെറു പ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞു അത് സൗജന്യമായി എല്ലാവർക്കും ലഭിക്കാൻ മുൻകൈ എടുത്ത ഈ കുഞ്ഞു മിടുക്കി നമ്മുടെ സമൂഹത്തിന് മാതൃകയാവുകയാണ്. യശോദ വായനയിലൂടെ വളരും, അതോടൊപ്പം ഒരു നല്ല സമൂഹത്തെയും പടുത്തുയർത്തും. ഈ കുഞ്ഞു മിടുക്കിയെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല ഒരു പുസ്തകം വാങ്ങി ദിവസേന പത്തു പേജ് വീതം വായിച്ചാൽ മതി അറിവ് വർദ്ധിക്കാൻ. ഇന്ന് തന്നെ അതിന് തുടക്കം കുറിച്ചോളൂ, കുട്ടികൾക്കും ആ ശീലമുണ്ടാക്കി കൊടുക്കാൻ മറക്കേണ്ട. ഓർക്കുക നിങ്ങളുടെയും, കുട്ടികളുടെയും ഏറ്റവും വിശ്വസ്തനായ നല്ല സുഹൃത്തായിരുക്കും ആ ഒരു നല്ല പുസ്തകം!