91-ൽ സാനു മാഷ് എഴുതുന്നു, ചിന്താവിഷ്ടയായ സീതയെക്കുറിച്ച്
91-ാം വയസ്സിൽ സാനു മാഷ് ആശാന്റെ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് പുസ്തകമെഴുതുന്നു. ചിന്താവിഷ്ടയായ സീത-സ്വാതന്ത്ര്യത്തിനൊരു നിർവചനം എന്നാണ് പേര്. ഡോ. സുകുമാർ അഴീക്കോടിന്റെ ആശാന്റെ സീതാകാവ്യം ഉൾപ്പെടെ ഒട്ടേറെ വിമർശന ഗ്രന്ഥങ്ങൾ ചിന്താവിഷ്ടയായ സീതയെ ഉപജീവിച്ച് ഇറങ്ങുകയും അവയിൽ പലതും വലിയ ചർച്ചകൾക്കു വഴിതുറക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ മുൻനിർത്തി സീതാകാവ്യത്തെ സമീപിക്കുകയാണ് സാനു മാഷിന്റെ രചന.
സീതയുടെ ചിന്തകളുടെ പേരിൽ മഹാകവി കുമാരനാശാനെ ഒട്ടേറെപ്പേർ കഠിനമായി വിമർശിച്ചിട്ടുണ്ട്. പുരുഷോത്തമനായ രാമനെ അങ്ങനെ ഇകഴ്ത്താമോ എന്നാണവരുടെ ചോദ്യം. അതിന് സാനു മാഷിന്റെ മറുപടി ഇങ്ങനെ: ഞാൻ വാല്മീകി രാമായണം നോക്കി. ആശാൻ രാമനെ കുറ്റപ്പെടുത്തിയതിലും എത്രയോ കഠിനമായി വാല്മീകി രാമനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. സീതയ്ക്ക് രാമനോട് പ്രണയമായിരുന്നുവെന്നൊക്കെ അധ്യാത്മ രാമായണത്തിലാണ് പറയുന്നത്; വാല്മീകി രാമായണത്തിലല്ല. കല്യാണം കഴിഞ്ഞ് ഭർത്താവിനെ ഈശ്വരനായി കണ്ട് സ്നേഹിച്ച സാധാരണ സ്ത്രീയാണ് അവിടെ സീത.
രാവണൻ അപഹരിച്ചുകൊണ്ടുപോയ സീതയെ യുദ്ധം ചെയ്ത് രാമൻ വീണ്ടെടുത്തെങ്കിലും യുദ്ധം കഴിഞ്ഞയുടൻ സീതയെ കാണാൻ പോവുകയല്ല രാമൻ ചെയ്തത്, മറിച്ച് വിഭീഷണനെ രാജാവാക്കാനുള്ള കാര്യങ്ങളിൽ മുഴുകുകയായിരുന്നു. രാജാവിന്റെ ചുമതലയെക്കുറിച്ചേ രാമന് ശ്രദ്ധയുണ്ടായിരുന്നുള്ളൂവെന്നു സാരം. അഗ്നിശുദ്ധിക്ക് കൊട്ടാരത്തിൽ സീതയെ ഹാജരാക്കുമ്പോൾ അവിടെയുണ്ടായിരുന്ന രാമൻ ഭർത്താവോ കാമുകനോ ആയിരുന്നില്ല. വെറും രാജാവു മാത്രമായിരുന്നു. തന്റെ ശുദ്ധിയെക്കുറിച്ച് ആശങ്കപ്പെടുന്ന രാമനോട് ജ്വലിച്ചുകൊണ്ട് സീത ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: അങ്ങെന്താണ് ഒരു ഹീനൻ ഹീനയോട് എന്ന പോലെ എന്നോടു പെരുമാറുന്നത് എന്ന്.
രാമനും സീതയും പ്രതിനിധാനം ചെയ്യുന്ന സംസ്കാരങ്ങളെ അടിസ്ഥാനപ്പെടുത്തിയും സാനു മാഷ് സീതയുടെ ചിന്തകളെ സമീപിക്കുന്നുണ്ട്. സീത ഭൂമിയുടെ പുത്രിയാണ്. ഭൂമി മണ്ണാണ്, പ്രകൃതിയാണ്. മണ്ണിലാണ് സീതയുടെ വേരുകൾ. സീത ജനകന്റെയും മകളാണ്. ജനകൻ വെട്ടിപ്പിടിക്കുന്നയാളല്ല, കർമയോഗിയാണ്. എന്നാൽ, രാമൻ രാജാധികാരത്തിന്റെയും ചുമതലയുടെയും പ്രതീകമാണ്. രാജകൊട്ടാരത്തിന്റെ ആർഭാടങ്ങളും മറ്റുമാണ് രാമൻ കണ്ടുവളർന്നത് (ഒരു ഘട്ടത്തിൽ അവിടം ഉപേക്ഷിച്ചെങ്കിലും). ഒരു രാജാവാകാനേ അദ്ദേഹത്തിനു സാധിക്കൂ.
ഞാൻ പാവയല്ല എന്ന് രാമന്റെ മുഖത്തുനോക്കി പ്രഖ്യാപിക്കുന്ന സീതയുടെ സ്വാതന്ത്ര്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യമായി കാണുകയാണ് എഴുത്തുകാരൻ. മറ്റൊരു സ്വാതന്ത്ര്യത്തെക്കുറിച്ചുകൂടി അദ്ദേഹം പറയുന്നുണ്ട്; പഞ്ചഭൂതങ്ങളിൽനിന്നും പഞ്ചേന്ദ്രിയങ്ങളിൽ നിന്നുമുള്ള മോചനം. അത് മരണമാണ്.