വിക്ക്
ഇടവിട്ടുണ്ടാകുന്ന തടസ്സങ്ങൾ ,വിറച്ചു വിറച്ചുള്ള ആവർത്തനങ്ങൾ,നീണ്ടുപോകുന്ന ശബ്ദങ്ങൾ,വാക്കുകൾ എന്നിവ മൂലമുണ്ടാകുന്ന സംസാരവൈകല്യമാണ് വിക്ക്. സാധാരണയായി സംസാരത്തിനിടയിൽ ശബ്ദങ്ങൾ ആവർത്തിക്കുന്നതിനാണ് വിക്ക് എന്നു പറയുന്നതെങ്കിലും സംസാരം തുടങ്ങുതിനുമുൻപ് വാക്കുകൾ പുറത്തുവരാനായി അസാധാരണമായി നിർത്തുന്നതും വിക്കിന്റെ ഭാഗമാണ്. വിക്കുള്ളവർക്ക് ആവർത്തനമാണ് പ്രധാനപ്രശ്നം, അതു മറക്കാനായാണ് വാക്കുകൾ പുറത്തു വരാനായി നിർത്തുന്നതും ചില ശബ്ദങ്ങൾ നീട്ടി ഉച്ഛരിക്കുന്നതും. മനസ്സിൽ പൊതുവേദികളിൽ സംസാരിക്കുമ്പോ വിക്കുവരുമോ എന്ന ഭയമുള്ളതുകൊണ്ടാണ് ഇത്.
സമ്മർദ്ദത്തിലാവുമ്പോഴും സഭാകമ്പം മൂലവും ചിലരിൽ വിക്കു കണ്ടുവരാറുണ്ട്. പക്ഷേ ഇത് തികച്ചും മാനസിക കാരണമാണ്. ഇവർക്ക് സാധാരണ സംസാരത്തിൽ വിക്കുണ്ടാവില്ല.
സ്പീച്ച് തെറാപ്പി ഉപയോഗിച്ച് വിക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.
ചരിത്രം
അസാധാരണമായ സംസാരരീതിയും അതിനോടനുബന്ധിച്ചുകാണുന്ന പെരുമാറ്റ വ്യത്യാസങ്ങളും കാരണം വിക്ക് വളരെ പണ്ടു തൊട്ടേ വൈദ്യശാസ്ത്ര ശ്രദ്ധ നേടിയ ഒരു വൈകല്യമാണ്. നൂറ്റാണ്ടുകൾക്കു മുൻപു നിന്നു തന്നെയുള്ള വിക്കുള്ളവരെ പറ്റിയുള്ള രേഖകൾ നിലനിൽക്കുന്നുണ്ട്. ഡെമോസ്തനീസ് വിക്കുള്ള ആളായിരുന്നു. അതു മറക്കാൻ അദ്ദേഹം വായിൽ ചെറുകല്ലുകൾ ഇട്ടാണ് സംസാരിച്ചിരുന്നത്. താൽമണ്ടിന്റെ ബൈബിൾ വ്യാഖ്യാനമനുസരിച്ച് മോസസിന് വിക്ക് ഉണ്ടായിരുന്നു എന്നു അനുമാനിക്കാം.(എക്സോഡസ് 4, v.10)
കാരണങ്ങൾ
വിക്ക് ഉണ്ടാകാനുള്ള ഏതെങ്കിലും പ്രത്യേക കാരണത്തെക്കുറിച്ച് അറിവില്ല. നിരവധി ഘടകങ്ങൾ ഇതിന് പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഊഹങ്ങളും സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നത്.