Peruvayal News

Peruvayal News

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് സംവിധാനം ലാബിലേക്കും

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ഇ ഹെല്‍ത്ത് സംവിധാനം ലാബിലേക്കും


തിരുവനന്തപുരം: ആള്‍ക്കൂട്ടവും തര്‍ക്കങ്ങളും കൊണ്ട് കലുഷിതമായിരുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഇ ഹെല്‍ത്ത് പദ്ധതിയുടെ ആവിര്‍ഭാവത്തോടെ കൂടുതല്‍ കാര്യക്ഷമമായി.
രോഗികളുടെ വര്‍ധിച്ച തിരക്കിനനുസരിച്ച് ലാബുകളുടെ പ്രവര്‍ത്തനം സങ്കീര്‍ണാവസ്ഥയിലാകുമ്പോഴെല്ലാം വാക്കേറ്റവും തര്‍ക്കവും പതിവായിരുന്നുവെങ്കില്‍ ഇന്ന് ഒരു രോഗിയുടെ വിവിധ ലാബ് പരിശോധന തുടക്കം മുതല്‍ പരിശോധനാഫലം ലഭിക്കുന്നതുവരെ തികച്ചും ലളിതവും സൗകര്യപ്രദവുമായി മാറി. ഒപിയില്‍ ചികിത്സയ്ക്കെത്തുന്ന ഒരു രോഗിയ്ക്ക് രക്ത പരിശോധന ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 123-ാം നമ്പര്‍ മുറിയിലേക്കാണ് പോകേണ്ടത്. അവിടത്തെ ആദ്യ കൗണ്ടറില്‍ തുക അടച്ചശേഷം രസീതുമായി അടുത്ത കൗണ്ടറില്‍ ചെല്ലുമ്പോള്‍ ബാര്‍ കോഡ് പതിച്ച രക്തസാമ്പിള്‍ ട്യൂബ് കൗണ്ടറില്‍ നിന്നും ലഭിക്കും. ട്യൂബുമായി 118-ാം നമ്പര്‍ മുറിയിലെത്തി രക്തസാമ്പിള്‍ നല്‍കാം. പരിശോധനാഫലം രോഗിയുടെ മൊബൈല്‍ഫോണില്‍ ലഭിക്കും. മാത്രമല്ല, താഴത്തെ നിലയില്‍ ഒപി കൗണ്ടറിനോടുചേര്‍ന്നുള്ള പത്താം നമ്പര്‍ കൗണ്ടറില്‍ നിന്നും നേരിട്ട് പരിശോധനാഫലം ലഭിക്കുകയും ചെയ്യും.
ഒപിയിലെ തിരക്ക് ഒഴിവാക്കി ആശുപത്രിയെ രോഗീസൗഹൃദമാക്കുന്നതിനായി ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ ആശുപത്രി അധികൃതരുമായി നിരവധി തവണ കൂടിയാലോചനകള്‍ നടത്തുകയും അതിന്‍റെ ഭാഗമായി നടപ്പാക്കിയ ഇന്‍റഗ്രേറ്റഡ് ഇന്‍റലിജന്‍റ് ക്യൂ മാനേജ്മെന്‍റ് സംവിധാനത്തിന്‍റെ മേന്മ അത്ഭുതത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചതും അനുഭവിച്ചതും. അധികം താമസിയാതെ തന്നെ ലാബ് സംവിധാനങ്ങള്‍ക്കു കൂടി ജനോപകാരപ്രദമായ മാറ്റം വരുത്താന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, ഇ ഹെൽത്ത് നോഡൽ ഓഫീസർ സി ജയൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ പൂര്‍ണതയിലെത്തിയിരിക്കുകയാണ്. അതേസമയം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ഇ ഹെല്‍ത്ത് പദ്ധതിയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

Don't Miss
© all rights reserved and made with by pkv24live