Peruvayal News

Peruvayal News

തെങ്ങുകയറ്റ യന്ത്രങ്ങൾ ഉടൻ വിപണിയിലെത്തിക്കും: മന്ത്രി തോമസ് ഐസക്ക്

തെങ്ങുകയറ്റ യന്ത്രങ്ങൾ ഉടൻ വിപണിയിലെത്തിക്കും: മന്ത്രി തോമസ് ഐസക്ക്



ആയാസരഹിതമായി ഉപയോഗിക്കാൻ കഴിയുന്ന തെങ്ങുകയറ്റ യന്ത്രങ്ങൾ സർക്കാർ ഉടൻ വിപണിയിലെത്തിക്കുമെന്ന് ധനം - കയർ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും കൈപ്പിടിയിലൊതുങ്ങുന്ന വിലയിലുള്ളതുമായ യന്ത്രങ്ങളാകും വിപണിയിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ കയർ റിസേർച്ച് ആൻഡ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത തെങ്ങുകയറ്റ യന്ത്രം പരിചയപ്പെടുത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കയർ വ്യവസായ രംഗത്ത് ചകിരിയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി തൊണ്ട് ധാരാളമായി ആവശ്യമുണ്ട്. ഇതിനായി പച്ച തേങ്ങ ഇടുന്നതിനുള്ള യന്ത്രസഹായം ഉറപ്പ് വരുത്തുകയാണ്  തെങ്ങ് കയറ്റ യന്ത്രങ്ങൾ വിപണിയിൽ എത്തിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത് . 25000 രൂപയോളം വിലവരുന്നതും  താരതമ്യേന ഭാരം കുറഞ്ഞതുമായ യന്ത്രങ്ങളാകുമിത്. ഇപ്പോൾ നിർമ്മിച്ച യന്ത്രത്തിൽ ഇതനുസരിച്ചുള്ള പരിഷ്കാരങ്ങൾ വരുത്തിയ ശേഷം വലിയ തോതിലുള്ള നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


എൻ.ഐ.ഐ.എസ്.ടിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ചകിരി ഉപയോഗിച്ചു നിർമിച്ച പുതയിടൽ ഷീറ്റുകളും അദ്ദേഹം പുറത്തിറക്കി. പ്ലാസ്റ്റിക് ഷീറ്റുകൾക്കു പകരം പ്രകൃതിക്കിണങ്ങുന്ന ചകിരി ഷീറ്റുകൾ ജൈവകൃഷിക്ക് മുതൽക്കൂട്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. കഴക്കൂട്ടം കോക്കനട്ട് നഴ്സറിയിൽ നടന്ന ചടങ്ങിൽ തൊഴിൽ - എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ , വനം വകപ്പ് മന്ത്രി കെ. രാജു, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, പി.ടി.എ. റഹിം, പി. ഉബൈദുള്ള, ബി.ഡി. ദേവസി, സി. കൃഷ്ണൻ, കയർ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, കയർ വികസന വകുപ്പ് ഡയറക്ടർ എൻ. പത്മകുമാർ തുടങ്ങിയവരും പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live