Peruvayal News

Peruvayal News

നാന്നൂറ് വിദ്യാഭ്യാസ വീഡിയോകൾ. എസ് ഐ ഈ റ്റി പ്രവർത്തന മികവിൽ.

നാന്നൂറ് വിദ്യാഭ്യാസ വീഡിയോകൾ.

എസ് ഐ ഈ റ്റി പ്രവർത്തന മികവിൽ.




വിദ്യാഭ്യാസ സാങ്കേതിക വിദ്യാ വ്യാപനത്തിനായി സ്ഥാപിക്കപ്പെട്ട സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നൊളജി കഴിഞ്ഞ രണ്ടു വർഷം കൊണ്ട് നിർമിച്ചത് നാനൂറോളം  വീഡിയോകളും ആനിമേഷനുകളും. കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി ഓഡിയോ പാഠങ്ങളും തയാറാക്കുന്നുണ്ട്.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രതിഭാ പോഷണ പരിപാടികൾ മുതൽ മൊബൈൽ ലേർണിങ് ആപ്ലികേഷൻ മറ്റ് ഒട്ടേറെ പദ്ധതികളും നടപ്പാക്കുന്ന കേരള എസ് ഐ ഈ റ്റി രാജ്യത്തെ മറ്റ് എസ് ഐ ഈ റ്റി കൾക്ക് മാതൃകയാകുന്നു.

 എൻ സി ഈ ആർ റ്റി യുടെ അഞ്ച് ദേശീയ അവാർഡുകൾ ലഭിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തന മികവിന് അംഗീകാരമായി.

അടച്ചു പൂട്ടലിന്റെ വക്കിൽ നിന്നാണ് എസ് ഐ ഈ റ്റി പുതു ജീവൻ നേടിയത്. കേന്ദ്ര സഹായം നിലച്ചതോടെ ഇത് അടച്ചു പൂട്ടാൻ മുൻ സർക്കാർ തീരുമാനിച്ചിരുന്നു.  എന്നാൽ ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ നിർമിക്കുന്ന എസ് ഐ ഈ റ്റി മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അഭിപ്രായം ഉയർന്നു. ഇതേ കാഴ്ചപ്പാടോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണൽ ടെക്നൊളജി കേരള എന്ന് പുനർനാമകരണം ചെയ്ത് നവീകരിക്കാൻ ഖാദർ കമ്മീഷനും ശുപാർശ ചെയ്തിട്ടുണ്ട്.

 വിദ്യാഭ്യാസ വകുപ്പിൽ ഒട്ടേറെ പുതിയ പദ്ധതികൾക്ക് ആശയം നൽകുന്ന സ്ഥാപനമാണ് ഇന്ന് എസ് ഐ ഈ റ്റി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശാസ്ത്ര രംഗം പദ്ധതിയുടെ നോഡൽ ഏജൻസി ആണ്.

ശാസ്ത്രപ്രതിഭകളായ വിദ്യാർത്ഥികൾക്ക്   ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷണങ്ങൾ നടത്താനും സംവാദങ്ങളിൽ ഏർപ്പെടാനും ശാസ്ത്ര ജാലകം പരിപാടിയിലൂടെ അവസരമൊരുക്കുന്നു. ഇതിനായി സംസ്ഥാനത്തെ 42 കോളേജുകളിലും

സർവകലാശാലകളിലുമായി നടന്ന നാലു ദിവസത്തെ റെസിഡൻഷ്യൽ വർക്ഷോപ്പിൽ 2100 ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കാസർകോട് കേന്ദ്ര സർവകാലശാല, കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്, കേരള സർവകലാശാല ബയോ ഇന്ഫമാറ്റിക്‌സ് വകുപ്പ് എന്നിവയുടെ പിന്തുണയോടെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോ ടെക്നൊളജി, ബയോ ഇൻഫോമാറ്റിക്‌സ് എന്നെ വിഷയങ്ങളിൽ പ്രായോഗിക അനുഭവങ്ങളോടെ പരിശീലനം നൽകി.  മീറ്റ് ദി സ്കോളർ പദ്ധതിയുടെ ഭാഗമായി നോബൽ സമ്മാന ജേതാവ് ഡോ.റിച്ചാർഡ് റോബർട്ട്സ്,  ഡോ. വിക്ടർ കോടലോവ്, ഡബ്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിയിലെ ഡോ. സുരേഷ് പിള്ള, ഡോ. അച്യുത് ശങ്കർ എസ് നായർ തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് നോബൽ ജേതാക്കളുമായും ഉന്നത  ശാസ്ത്രജ്ഞരുമായും പരിചയപ്പെടാൻ അവസരം ഒരുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്ന ഏക സ്ഥാപനമാണ് എസ് ഐ ഈ റ്റി.

  അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 59  ഒൻപതാം ക്‌ളാസ് വിദ്യാർത്ഥികൾക്ക് മുംബൈ ഐ.ഐ റ്റി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ച്, ഐ ഐ എം അഹമ്മെദാബാദ്, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, അഹമ്മെദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവിടങ്ങളിൽ ഒരാഴ്ചത്തെ എക്സ്പോഷർ നൽകി. 

 പ്രവർത്തന മികവ് മുൻനിർത്തി എൻ സി ഈ ആർ ടി യുടെ അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ ഇക്കാലയളവിൽ കരസ്ഥമാക്കി.

ഗോത്രഭാഷകളിലുള്ള ഡിജിറ്റൽ പാഠഭാഗങ്ങൾ വികസിപ്പിച്ചെടുത്തു. ദേശീയ തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ശ്രമം. വയനാട്ടിലെ ഗോത്ര ജനവിഭാഗങ്ങളുടെ വേട്ട കുറുമ, അടിയ, പണിയ, റവള, കാട്ടുനയ്ക്കർ ഭാഷകളിലാണ് ആദ്യഘട്ടത്തിൽ വീഡിയോകളും അനിമേഷനുകളും നിർമിക്കുന്നത്. 

അധ്യാപകർക്കുള്ള പരിശീലന പരിപാടികളും ഈ കാലയളവിൽ ആരംഭിച്ചു. ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൽ കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് അധ്യാപകർക്ക് അവധിക്കാല പരിശീലനം നൽകി. പതിനാല് ജില്ലകളിലും വിദ്യാർത്ഥികൾക്ക് ചലച്ചിത്ര നിർമാണ ശില്പശാലകൾ സംഘടിപ്പിച്ചു. പതിനാല് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ദ്വിദിന വ്യെക്തിത്വ വികസന പരിപാടി അക്കാദമിക വിജയവും ഉയർന്ന കാഴ്ചപ്പാടും നേടാൻ കുട്ടികൾക്ക് സഹായം നൽകി. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വായനാ വസന്തം പോർട്ടൽ വികസിപ്പിച്ചത് എസ് ഐ ഈ റ്റി ആണ്. സ്‌കൂൾ ലൈബ്രറികളുടെ നവീകരണവും ക്‌ളാസ് റൂം ലൈബ്രറികൾ ആർഭിച്ചതും ഈ പോർട്ടൽ ഉപയോഗിച്ചാണ്.

Don't Miss
© all rights reserved and made with by pkv24live