രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞ് കൗമാരക്കാരന്റെ കൈകളില്‍ സുരക്ഷിത
രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ കുഞ്ഞ് വഴിയരികിൽ നിന്ന കൗമാരക്കാരൻ കൈകളിൽ സുരക്ഷിത. തുർക്കി തലസ്ഥാനമായ ഈസ്താംബൂളിലെ ഫത്തീഫ് ജില്ലയിൽ നടന്ന സംഭവത്തിന്റെ സിസിടിവി വീഡിയോ കണ്ടവരെല്ലാം ആ വീഴ്ചയിൽ ഞെട്ടുകയും സുരക്ഷിതയായി ആ രക്ഷപെടൽ സംഭവിച്ചപ്പോൾ ആശ്വസിക്കുകയും ചെയ്തു.
ജനലരികിൽ നിന്ന കുട്ടിയെ താഴെ തെരുവിൽ നിന്ന ഫുസി സബാത്ത് എന്ന 17 കാരൻ ശ്രദ്ധിച്ചതാണ് രക്ഷപെടലിന് നിമിത്തമായത്. കുട്ടി താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് കൗമാരക്കാരന് തോന്നിയതും വീണാൽ പിടിക്കാൻ തയ്യാറെടുത്തതുമാണ് ആ കുരുന്നിന്റെ ജീവൻ രക്ഷിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ അമ്മയ്ക്ക് മകൾ ജനലിനരികിലെത്തിയത് ശ്രദ്ധിക്കാനായില്ല.
ദോഹ മുഹമ്മദ് എന്ന രണ്ട് വയസ്സുകാരിയാണ് താഴേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപെട്ടത്. നിലംതൊടാതെ സബാത്ത് ആ കുഞ്ഞിനെ രക്ഷിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടവർ ആ പയ്യന്റെ ടൈമിങ്ങിനെ പുകഴ്ത്തുകയാണ്.
ഇതേ തെരുവിലെ വർക് ഷോപ്പിൽ ജോലിക്കാരനാണ് അൾജീരിയയിൽ നിന്ന് കുടിയേറിയ സബാത്ത്. കുഞ്ഞിനെ രക്ഷിച്ച സബാത്തിന് മാതാപിതാക്കൾ സമ്മാനം നൽകിയാണ് നന്ദി അറിയിച്ചത്.