Peruvayal News

Peruvayal News

ഹജ് തീർഥാടകരെ വഹിച്ചുള്ള വിമാന സർവീസുകൾ അടുത്തയാഴ്ച മുതൽ എത്തിത്തുടങ്ങും.

ഹജ് തീർഥാടകരെ വഹിച്ചുള്ള വിമാന സർവീസുകൾ അടുത്തയാഴ്ച മുതൽ എത്തിത്തുടങ്ങും. 


ജിദ്ദ - ലോക രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരെ വഹിച്ചുള്ള വിമാന സർവീസുകൾ അടുത്തയാഴ്ച മുതൽ എത്തിത്തുടങ്ങും. വിദേശത്തു നിന്നുള്ള ആദ്യ ഹജ് സർവീസ് ദുൽഖഅ്ദ ഒന്നിന് (ജൂലൈ 4) വ്യാഴാഴ്ച ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഹജ് ടെർമിനലിൽ സ്വീകരിക്കും. ജിദ്ദയിലേക്കുള്ള ആദ്യത്തെ ഹജ് സർവീസ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നിന്നാണ്. ആദ്യ സർവീസിൽ 310 ഹാജിമാരുണ്ടാകും. 
ദുൽഹജ് നാലു (ഓഗസ്റ്റ് 5) വരെ ജിദ്ദ എയർപോർട്ട് വഴി ഹജ് സർവീസുകൾ തുടരുമെന്ന് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് ഡയറക്ടർ ഉസാം ഫുവാദ് പറഞ്ഞു. ഹജ് തീർഥാടകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് മുഴുവൻ സർക്കാർ, സ്വകാര്യ വകുപ്പുകളും ഏജൻസികളും എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഉസാം ഫുവാദ് പറഞ്ഞു. 
വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഹജ് തീർഥാടകരുടെ ലഗേജുകൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് മക്കയിലെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്ന പദ്ധതി ഈ വർഷം നടപ്പാക്കുന്നുണ്ട്. ഇതിനുള്ള ധാരണാപത്രത്തിൽ ഹജ്, ഉംറ മന്ത്രാലയവും സൗദി കസ്റ്റംസും ഒപ്പുവെച്ചിരുന്നു. ജിദ്ദ വിമാനത്താവളത്തിലെ ഹജ് ടെർമിനലിൽനിന്ന് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി തീർഥാടകരുടെ ലഗേജുകൾ മക്കയിലെ താമസ സ്ഥലങ്ങളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുക. എയർപോർട്ടിൽ തീർഥാടകർ കാത്തുനിൽക്കേണ്ട സമയം കുറക്കുന്നതിനും വിമാനത്താവളത്തിൽ ഹാജിമാരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യ, തുർക്കി, മൊറോക്കൊ, അൾജീരിയ, തുനീഷ്യ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ എന്നീ എട്ടു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുക.
Don't Miss
© all rights reserved and made with by pkv24live