ഈ ജയിലിലെ തടവുകാരുടെ ശമ്പളം ലക്ഷങ്ങളിൽ !
ലക്ഷങ്ങൾ വർഷാവർഷം ശമ്പളം ലഭിക്കുന്ന ജോലി അതും ജയിലിൽ. നമുക്കവിശ്വസനീയമായിത്തോന്നാം എന്നാൽ സത്യമാണ്. വിശ്വസിക്കാം.
ഗുജറാത്തിലെ സൂററ്റിലുള്ള 'ലാജ് പോർ' ജയിൽ ഒരു വലിയ വ്യവസായശാലതന്നെയാണ്.സ്പിന്നിംഗ് മിൽ മുതൽ ഡയമണ്ട് യൂണിറ്റുവരെ ഇവിടെ പ്രവർത്തിക്കുന്നു.തടവുകാർക്ക് തൊഴിൽ സംബന്ധമായ പരിശീലനം നൽകിയാണ് ഇവിടെ ജോലി നൽകിയിരിക്കുന്നത്.
ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇവിടെപ്രവർത്തിക്കുന്ന ഡയമണ്ട് യൂണിറ്റ്. സൂററ്റിലെ "ലളിതാഭായ് മൻജിഭായ് കാണാണി' എന്ന രത്‌നവ്യാപാരിയാണ് ജയിലിൽ ഡയമണ്ട് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.10 ആധുനിക ടേബിളുകളിലായി 28 തടവുകാർ ദിവസം 8 മണിക്കൂർ ജോലിചെയ്യുന്നു. ഡയമണ്ട് തിളക്കം വരുത്തുകയെന്ന താണ് മുഖ്യജോലി.ഇവർക്ക് ഒരു മാസം ലഭിക്കുന്ന പ്രതിഫലം 55000 രൂപവരെയാണ്. ഇത് അവരുടെ അക്കൗണ്ടിൽ മാസാമാസം നിക്ഷേപിക്കുന്നു.
യൂണിറ്റിന്റെ വൈദ്യുതി,വെള്ളമുൾപ്പെടെയുള്ള മുഴുവൻ ചാർജും വഹിക്കുന്നത് രത്‌നവ്യാപാരിയാണ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ടു തടവുപുള്ളികളെ മാനേജരായും സൂപ്പർവൈസറായും ഡയമണ്ട് യൂണിറ്റിൽ നിയമിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളവും അദ്ദേഹമാണ് നൽകുന്നത്. ജോലിചെയ്യുന്നവർക്ക് വർക്കിനനുസരിച്ചാണ് കൂലി. എല്ലാവർക്കും 6 മാസത്തെ ട്രെയിനിങ് നൽകിയാണ് ജോലിയിലെടുത്തത്. ഇപ്പോൾ 15 മാസമായി 28 തടവുകാരും നിരന്തരം ഡയമണ്ട് മിനുക്കുന്ന ജോലിയിലാണ്.
രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞശേഷം 9 മണിക്ക് ജോലിക്കു കയറുന്ന തടവുകാർക്ക് ഡയമണ്ട് യൂണിറ്റിൽനിന്നും ഉച്ചഭക്ഷണവും ചായയും നൽകുന്നു.വൈകിട്ട് 5 മണിവരെയാണ് ജോലി.
ദിവസവും രാവിലെ 200 ൽപ്പരം ഡയമണ്ടുകളുമായി വ്യാപാരിയുടെ വാഹനമെത്തി ജയിലറുടെ സാന്നിദ്ധ്യത്തിൽ അവ മാനേജർ ,സൂപ്പർവൈസർമാർക്കു കൈമാറുന്നു. വൈകിട്ട് 5 മണിക്ക് വാഹനം വീണ്ടുമെത്തും. പണിപൂർത്തിയായവ മടക്കിവാങ്ങി പണിതീരാത്തവ ജയിൽബാരക്കിലെ ലോക്കറുകളിൽ സൂക്ഷിക്കുന്നു.
തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക് സമൂഹത്തിൽ അന്തസ്സായി ജീവിക്കാനുള്ള സാഹചര്യ മൊരുക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ജയിലധികാരികൾ പറയുന്നത്.ഇതിനായി തൊഴിലിനൊപ്പം അവർക്കു കൗൺസിലിംഗും ബോധവൽക്കരണവും മനഃശാസ്ത്ര വിജ്ഞാന ക്ലാസ്സുകളും നടത്തിവരുന്നു.
പരോൾ നേടി പുറത്തുപോകുന്നവർക്കും ശിക്ഷ പൂർത്തിയാക്കുന്നവർക്കും അവരുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാവുന്നതാണ്.
ജയിൽ സൂപ്രണ്ട് ദിഗ്‌വിജയ് സിംഗ് റാണ യുടേതാണ് തടവുകാരുടെ ഉന്നമനത്തിനായുള്ള ഈ പ്രോജക്റ്റുകൾ എല്ലാം.