Peruvayal News

Peruvayal News

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി : സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി : സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു


സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന പോലീസ് മേധാവി, പോലീസ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം - 10 എന്ന വിലാസത്തില്‍ ജൂണ്‍ 30 ന് മുമ്പ് അപേക്ഷകള്‍ ലഭിക്കണം. 
യൂണിറ്റ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിഭാഗത്തില്‍ (ഹൈസ്കൂള്‍ അഥവാ ഹയര്‍സെക്കന്‍ററി) കുറഞ്ഞത് 500 കുട്ടികള്‍ ഉണ്ടായിരിക്കണം.  പ്രവര്‍ത്തനക്ഷമമായ അധ്യാപക രക്ഷകര്‍ത്തൃ സമിതി ഉണ്ടായിരിക്കണം.  കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ തയ്യാറായി 2 അധ്യാപകര്‍ വേണം.  അതിലൊരാള്‍ വനിതയായിരിക്കണം.  കേഡറ്റുകള്‍ക്ക് ശാരീരിക പരിശീലനം നല്‍കാന്‍ പര്യാപ്തമായ തരത്തില്‍ മൈതാനവും മറ്റ് സൗകര്യവും വേണം.  ഓഫീസ്  സജ്ജീകരിക്കുന്നതിനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വസ്ത്രം മാറുന്നതിനും മുറികളും ആവശ്യമാണ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 8 ാം ക്ലാസ്സ് മുതലും ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ പ്ലസ് വണ്‍ മുതലുമുളള കുട്ടികള്‍ക്ക് കേഡറ്റുകളാകാം.  ഇരുപത്തിരണ്ട് പേര്‍ വീതമുളള 2 പ്ലാറ്റൂണ്‍ അടങ്ങിയതാണ് ഒരു ബാച്ച്.  ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്കൂളില്‍ ഒരു പ്ലാറ്റൂണില്‍ പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാകൂ.
കുട്ടികളില്‍ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോടുളള കരുണ, സാമൂഹ്യ വിപത്തുകളെ എതിര്‍ക്കാനുളള കഴിവ് എന്നിവ വളര്‍ത്തിയെടുത്ത് അവരെ ജനാധിപത്യ സമൂഹത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്  സ്റ്റുഡന്‍റ് പോലീസ് പദ്ധതിക്ക് രൂപം നല്‍കിയത്.  
അന്‍പത്തിയെട്ടായിരം കുട്ടികളും പരിശീലനം ലഭിച്ച  ആയിരത്തിമുന്നൂറ് അധ്യാപകരും ആയിരത്തി അഞ്ഞൂറ് പോലീസുദ്യോഗസ്ഥരും ഇപ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
Don't Miss
© all rights reserved and made with by pkv24live