ഇപിഎഫ് പലിശ കുറയ്ക്കുന്നത് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ കൂട്ടാതിരിക്കാൻ
കേന്ദ്രസർക്കാരിന്റെ മറ്റു ചെറുകിട നിക്ഷേപങ്ങൾക്കും ബാങ്കു നിക്ഷേപങ്ങൾക്കും ഇ.പി.എഫ്. പലിശനിരക്കുമായി പിടിച്ചുനിൽക്കാൻ സാധിക്കാത്തതാണ് പലിശനിരക്ക് പുനഃപരിശോധിക്കണമെന്ന് നിർദേശിക്കാൻ ധനമന്ത്രാലയത്തെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തൽ. ധനമന്ത്രാലയം ഏപ്രിലിൽ പുതിയ പലിശനിരക്കിന് അംഗീകാരം നൽകിയതാണ്.
സർക്കാരിന്റെ ചെറുകിട നിക്ഷേപപദ്ധതികളായ പോസ്റ്റോഫീസ് നിക്ഷേപം, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യസമൃദ്ധി തുടങ്ങിയവയ്ക്ക് എട്ടുശതമാനത്തോളമാണ് പലിശ നൽകുന്നത്. ഇതിനെക്കാൾ കൂടിയ നിരക്കാണ് ഇ.പി.എഫ്.ഒ. നൽകുന്നത്.
ഐ.എൽ. ആൻഡ് എഫ്.എസ്. ബോണ്ടിൽ ഇ.പി.എഫ്.ഒ. 600 കോടി രൂപയാണ് നിക്ഷേപിച്ചത്. എട്ടുലക്ഷം കോടിരൂപയുടെ ആസ്തികൾ കൈകാര്യംചെയ്യുന്ന ഇ.പി.എഫ്.ഒ.യെ സംബന്ധിച്ചിടത്തോളം 0.1 ശതമാനംപോലും വരില്ല ഈ തുക.
ഇ.പി.എഫ്.ഒ.യുടെ പലിശ തീരുമാനിക്കുന്നത് കേന്ദ്ര തൊഴിൽമന്ത്രി അധ്യക്ഷനായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി.) ആണ്. കേന്ദ്രസർക്കാരിൽനിന്ന് പണമോ സഹായധനമോ ഇ.പി.എഫ്.ഒ. സ്വീകരിക്കാറില്ല. ഇ.പി.എഫ്.ഒ.യുടെ കാര്യങ്ങളിൽ ധനമന്ത്രാലയം നടത്തുന്ന ഇപ്പോഴത്തെ ഇടപെടലിനെതിരേ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.