ഫാർമസിസ്റ്റുകളുടെ കുറവ്: മെഡിക്കൽ കോളജിന്റെ പ്രവപ്രവർത്തനം താളം തെറ്റുന്നു
കോഴിക്കോട്: മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ഇല്ലാത്തതിനാൽ ദീർഘനേരം ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് രോഗികൾ. ഡോക്ടർമാരെ സന്ദർശിച്ച ശേഷം പുറത്തിറങ്ങുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തുനിന്നിട്ടാണ് മരുന്നുകൾ ലഭിക്കുന്നത്. പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഫാർമസിസ്റ്റുകളുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നത്. രണ്ടു വർഷമായി പുതിയ ഫാർമസിസ്റ്റ് നിയമനം ഇവിടെ നടന്നിട്ടില്ല. 24 ഫാർമസിസ്റ്റുകളാണ് ഇപ്പാൾ ഉള്ളത്. അതിൽ തന്നെ ഭൂരിഭാഗം പേരും താത്കാലികാടിസ്ഥാനത്തിൽ നിയമനം നേടിയവരാണ്. സർക്കാർ അനുവദിച്ചതു പ്രകാരം 40 ഫാർമസിസ്റ്റുകളിൽ 16 ഒഴിവുകളുണ്ട്.
2009ലാണ് ഡിഎംഇ(ജില്ലാ മെഡിക്കൽ എജ്യൂക്കേഷൻ) വിഭജനം നടന്നത്. അതിനു ശേഷം ഇതുവരെ പിഎസ് സി ഫാർമസിസ്റ്റുകളെ വിളിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സ്ഥിരം ഫാർമസിസ്റ്റ് ഒഴിവുണ്ടെങ്കിലും താത്കാലിക അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ മരുന്നുകൾ നൽകുന്നതും ആശുപത്രികളിലെത്തുന്ന മരുന്നുകൾ വിവിധ വിഭാഗങ്ങൾക്ക് വീതിച്ചുനൽകുന്നതും കണക്കുകൾ സൂക്ഷിക്കുന്നതും ഫാർമസിസ്റ്റുകളാണ്.
സ്ഥിരം ഫാർമസിസ്റ്റുകൾ ഇവിടെ കുറവാണ് താത്കാലിക ഫാർമസിസ്റ്റുകളാണ് കൂടുതലും ആറ്, ഏഴ് മാസം കഴിയുമ്പോൾ അവരു പോകുന്നു അങ്ങനെ വീണ്ടും ആള് കുറയുന്നു. 24 മണിക്കൂർ കാഷ്വാലിറ്റി സൂപ്പർ സ്പെഷ്യലിറ്റി ക്യാൻസർ സെന്റർ അവിടെയെല്ലാം താത്കാലിക ജോലിക്കാരാണ് ഇപ്പോൾ ജോലി ചെയ്യുന്നത് ഡോക്ടർ ടി. ജയകൃഷ്ണൻ പറഞ്ഞു. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത രണ്ടു മാസത്തേക്കുള്ള മരുന്നുകൾ എത്തിയിട്ടുണ്ടെങ്കിലും ഇവ കൈകാര്യം ചെയ്യാനാവശ്യമായ ഫാർമസിസ്റ്റുകൾ ഇവിടെയില്ല. പനിക്കാലത്ത് അധിക ജോലിക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും നടപടി പാതിവഴിയിലാണ്. പലപ്പോഴും ആശുപത്രികളിൽ ജീവനക്കാരും രോഗികളും തമ്മിലുള്ള വാക്കേറ്റം നിത്യസംഭവമാണ്.
ആഴ്ചയിലുള്ള ഫാർമസിസ്റ്റുകളുടെ ഒഴിവ് ദിവസം കൂടി വന്നാൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ മൊത്തത്തിൽ താളംതെറ്റുന്ന അവസ്ഥയാണെന്നും ജീവനക്കാർ പറയുന്നു.