യുവതിയെ പെട്രോൾ ഒഴിച്ച‌് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
വർക്കല വടശേരിക്കോണം ചാണയ്ക്കൽ ചരുവിളവീട്ടിൽ സിനു (25)ആണ് അറസ്റ്റിലായത്. വിവാഹാഭ്യർഥന നിരസിച്ചതിനാലായിരുന്നു യുവാവിന്റെ കൊലപാതകശ്രമം. യുവതിയുടെ ഇരവിപുരം കയ്യാലയ്ക്കൽ വീട്ടിൽ തിങ്കളാഴ‌്ച വൈകിട്ടായിരുന്നു സംഭവം.
യുവതിയുമായി പരിചയത്തിലായിരുന്ന സിനു പല തവണ വിവാഹാഭ്യർഥന നടത്തിയിരുന്നു. വീട്ടുകാർ വിവാഹാലോചന നടത്തിയെങ്കിലും ജ്യോതിഷ പ്രകാരം പൊരുത്തം നോക്കിയപ്പോൾ ചേർച്ചയുണ്ടായില്ലത്രെ. തുടർന്ന് യുവതി വിവാഹാഭ്യർഥന നിരസിച്ചു. ഇരുവരുടെയും വീട്ടുകാർ തമ്മിലും ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാൽ, സിനു പിന്മാറിയില്ല. തിങ്കളാഴ്ച വൈകിട്ട് യുവതിയുടെ വീട്ടിലെത്തിയ സിനു ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയുടെമേൽ പെട്രോൾ ഒഴിക്കുകയായിരുന്നു. വിവാഹത്തിന‌് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയശേഷം സ്വന്തം ദേഹത്തും സിനു പെട്രോൾ ഒഴിച്ചെന്ന് യുവതി പൊലീസിൽ മൊഴി നൽകി.
യുവതിയുടെ സഹോദരി മാത്രമാണ് സംഭവസമയത്ത‌് വീട്ടിലുണ്ടായിരുന്നത്. നിലവിളിച്ചു പുറത്തേക്കോടിയ യുവതി അയൽവീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ഇരവിപുരം പൊലീസ് എത്തി സിനുവിനെ അറസ്റ്റ്‌ചെയ്തു.. സിനുവിന്റെ പക്കൽനിന്ന് ലൈറ്റർ പൊലീസ് കണ്ടെടുത്തു. ഷിനു വെൽഡിങ‌് ജോലിക്കാരനും യുവതി ബിരുദ വിദ്യാർഥിയുമാണ്. കൊല്ലം കോടതി സിനുവിനെ റിമാൻഡ‌് ചെയ്തു.