എടക്കഴിയൂർ കടലോരത്ത് തിരയിളക്കം തീര്‍ത്ത് ചെമ്മീന്‍ കൊയ്ത്ത്
പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ കൊയ്ത്ത്. ചാവക്കാട് എടക്കഴിയൂര്‍, പഞ്ചവടി മേഖലകളില്‍ നിന്നും മല്‍സ്യബന്ധനത്തിനിറങ്ങിയ ചെറുവഞ്ചിക്കാര്‍ക്കാണ് ചെമ്മീന്‍ ലഭിച്ചത്. കാല്‍ കോടിയിലധികം രൂപയുടെ പൂവാലന്‍ ചെമ്മീന്‍ ലഭിച്ചതായാണ് കണക്ക്. 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ ചെമ്മീൻ ഓരോ വഞ്ചിക്കാര്‍ക്കും ലഭിച്ചു. ട്രോളിങ് നിരോധനവും കടല്‍ക്ഷോഭവും മത്സ്യ ദൗര്‍ലഭ്യവും കാരണം പ്രതിസന്ധിയിലായ മത്സ്യമേഖലക്ക് ആശ്വാസം പകരുന്നതായിരുന്നു ചെമ്മീന്‍ കൊയ്ത്ത്. ഏറെ നാളത്തെ വറുതിക്ക് അറുതിയായെത്തിയ ചെമ്മീന്‍ കൊയ്ത്ത് തൊഴിലാളികളിലും കുടുംബങ്ങളിലും നാട്ടുകാരിലും സന്തോഷത്തിന്റെ തിരയിളക്കം തീര്‍ത്തു. ചെമ്മീനുകളെല്ലാം ബോക്‌സുകളില്‍ നിറച്ച് ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് കൊണ്ടു പോയി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ചെമ്മീന്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് തൊഴിലാളികള്‍.