ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു
കണ്ണൂർ: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരിൽ വിവാദത്തിലായ ആന്തൂർ നഗരസഭയുടെ അധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്കാണ് രാജിക്കത്ത് കൈമാറിയത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പി.കെ ശ്യാമളയെ രാവിലെ വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയായിരുന്നു.
നിസ്സാര കാര്യത്തിന്റെ പേരിൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോയി ഒരു പ്രവാസിക്ക് ആത്മഹത്യക്ക് ചെയ്യേണ്ടി വന്നതിനെ തുടർന്ന് ഉയർന്ന വലിയ പ്രതിഷേധമാണ് രാജി അനിവാര്യമാക്കിയത്.
രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പി.കെ ശ്യാമളയോട് വിഷയത്തെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. അവർ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞു. അതിന് ശേഷം ജില്ലാ സെക്രട്ടറി എം.വി ജയരാജന് അവരോട് രാജി നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള. ഇവരുടെ പിൻഗാമിയായി മറ്റൊരു കൗൺസിലർ ശ്യാമളയുടെ പേരാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്.
തദ്ദേശസ്വയം ഭരണമന്ത്രി എ.സി മൊയ്തീൻ കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കുകയും നഗരസഭാ സെക്രട്ടറിയോട് അടക്കം രൂക്ഷമായ പ്രതികരിക്കുകയും ചെയ്തിരുന്നു