ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം
സ്കൂളുകളിൽ ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ഭാഷാപഠനത്തിലെ പുതിയ ശുപാർശക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേയാണ് തമിഴ്നാട്ടിൽ പ്രതിഷേധം അലയടിക്കുന്നത്. ഇതോടൊപ്പം സോഷ്യൽമീഡിയയിൽ പ്രതിഷേധ ട്വീറ്റുകളും ക്യാമ്പയിനിങ്ങുകളും പ്രചരിക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മൂന്നുഭാഷകൾ പഠിപ്പിക്കണമെന്ന് ശുപാർശ ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ, മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നാണ് തമിഴ്നാട്ടിൽനിന്ന് ഉയരുന്ന നിലപാട്.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നായിരുന്നു ശുപാർശ. ഹിന്ദി സംസാരിക്കുന്നിടത്ത് പകരമായി വേറെ ഏതെങ്കിലും ഭാഷ പഠിപ്പിക്കണമെന്നും കരട് നയത്തിൽ ശുപാർശ ചെയ്യുന്നു.
അതേസമയം, തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപകമായതോടെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പുതിയ വിദ്യാഭ്യാസനയത്തിന്റെ കരട് രൂപമാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നതെന്നും ജനങ്ങളുടെ പ്രതികരണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുകയുള്ളൂവെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ഒരുഭാഷയും അടിച്ചേൽപ്പിക്കാൻ ഒരുനീക്കങ്ങളും നടക്കുന്നില്ലെന്നും, ഇന്ത്യയിലെ എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.