Peruvayal News

Peruvayal News

മോട്ടര്‍ മോഷ്ടിക്കാന്‍ കിണറ്റിലിറങ്ങി; തിരിച്ചുകയറാനാകാതെ കൂട്ടുകാരെ വിളിച്ചു വരുത്തി ; വഴി ചോദിച്ചപ്പോള്‍ നാട്ടുകാര്‍ കുടുക്കി

മോട്ടര്‍ മോഷ്ടിക്കാന്‍ കിണറ്റിലിറങ്ങി; തിരിച്ചുകയറാനാകാതെ കൂട്ടുകാരെ വിളിച്ചു വരുത്തി ; വഴി ചോദിച്ചപ്പോള്‍ നാട്ടുകാര്‍ കുടുക്കി


കോഴിക്കോട്: കിണറ്റില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ആംബുലന്‍സുമായി എത്തിയപ്പോള്‍ ചുരുളഴിഞ്ഞത് വമ്പന്‍ മോട്ടോര്‍ മോഷണ ശ്രമം. കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്ത് പാറമ്മല്‍ അഴിഞ്ഞിലം മുള്ളന്‍പറമ്പിലാണ് സംഭവം. മോഷ്ടാവ് 22 കാരന്‍ സുജിത്താണ് അറസ്റ്റിലായത്. കൂട്ടുപ്രതി ചേലാമ്പ്ര സ്വദേശി ഷാജി കടന്നുകളഞ്ഞു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പമ്പുസെറ്റ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു സുജിത്ത് കിണറ്റില്‍ വീണത്. മോഷണത്തിനിടയില്‍ കിണറ്റിലേക്ക് വീണുപോയ മോഷ്ടാവ് രക്ഷിക്കാന്‍ കൂട്ടുകാരെ വിളിച്ചു പറയുകയും മൂന്ന് കൂട്ടുകാര്‍ ആംബുലന്‍സുമായി എത്തുകയുമായിരുന്നു. ഇതിനിടെ വഴിയറിയാതെ ആംബുലന്‍സ് ഡ്രൈവര്‍ നാട്ടുകാരോട് അപകട സ്ഥലം അന്വേഷിച്ചതോടെ ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നു. അവശനിലയിലായിരുന്ന സുജിത്തിനെ കിണറ്റില്‍ നിന്നു പുറത്തെടുത്തപ്പോഴാണ് സംഗതി മോഷണ ശ്രമമാണെന്നു നാട്ടുകാര്‍ക്ക് മനസ്സിലായത്.
മദ്യപിക്കുമ്പോള്‍ വാക്കേറ്റമുണ്ടായെന്നും കൂട്ടുകാരന്‍ കിണറ്റില്‍ തള്ളിയിട്ടെന്നുമായിരുന്നു ഇയാള്‍ പുറത്തെടുത്തപ്പോള്‍ നാട്ടുകാരോട് പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പമ്പ് സെറ്റ് മോഷ്ടിക്കാനായി കിണറ്റില്‍ ഇറങ്ങി പൈപ്പ് മുറിച്ച് തിരി​കെ കേറുമ്പോഴായിരുന്നു സുജിത് കിണറ്റില്‍ വീണത്. തുടര്‍ന്ന് പോക്കറ്റില്‍ കിടന്ന ഫോണ്‍ ഉപയോഗിച്ച് സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. 20,000 രൂപ വില മതിക്കുന്ന മോട്ടോര്‍ ആയിരുന്നു മോഷ്ടിക്കാനൊരുങ്ങിയത്. പിടിക്കപ്പെട്ടതോടെ കൂട്ടുപ്രതി ഷാജിയെക്കൂടി പിടിക്കണമെന്ന് സുജിത്ത് ആവശ്യപ്പെടുകയായിരുന്നു.
Don't Miss
© all rights reserved and made with by pkv24live