ഹജ്ജിന് തീര്‍ഥാടകരെ സ്വീകരിക്കാന്‍ മദീന ഒരുങ്ങി
ആദ്യ ഇന്ത്യന്‍ വിമാനം ജൂലൈ നാലിന് പുലര്‍ച്ചെ
420 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുണ്ടാവുക.
അംബാസിഡറുടെ നേതൃത്വത്തിലുള്ള സംഘം തീര്‍ഥാടകരെ സ്വീകരിക്കും.
ഹജ്ജിന് തീര്‍ഥാടകരെ സ്വീകരിക്കാന്‍ മദീന ഒരുങ്ങി; ആദ്യ ഇന്ത്യന്‍ വിമാനം ജൂലൈ നാലിന് പുലര്‍ച്ചെ
ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘത്തെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുങ്ങി. ജൂലൈ നാലിന് ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം മദീന അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങും. 420 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുണ്ടാവുക. അംബാസിഡറുടെ നേതൃത്വത്തിലുള്ള സംഘം തീര്‍ഥാടകരെ സ്വീകരിക്കും.
ഡല്‍ഹിയില്‍ നിന്നുള്ള 420 തീര്‍ത്ഥാടകരെയും വഹിച്ച് എയര്‍ ഇന്ത്യ വിമാനം ജൂലൈ 4ന് പുലര്‍ച്ചെ 3.15നാണ് ലാന്‍റ് ചെയ്യുക. ആദ്യ സംഘത്തെ സ്വീകരിക്കാന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ ശൈഖ്, ഹജ് കോണ്‍സുല്‍ മോയിന്‍ അക്തര്‍, മദീന ഹജ് മിഷന്‍ ഇന്‍ചാര്‍ജ് വൈസ് കോണ്‍സുല്‍ ഷഹാബുദ്ദീന്‍ ഖാന്‍, എംബസി ഉദ്യോഗസ്ഥന്‍ നജ്മുദ്ദീന്‍ എന്നിവരോടൊപ്പം മദീനയിലെ സന്നദ്ധ സംഘടനാ പതിനിധികളുമുണ്ടാവും.
മലയാളീ ഹാജിമാരും ഈ വര്‍ഷം മദീനയിലാണ് ഇറങ്ങുന്നത്. ജൂലെ 7 ന് കോഴിക്കോട് നിന്നുള്ള സൗദി എയര്‍ലെന്‍ന്‍സാണ് ആദ്യ വിമാനം. ഇത്തവണ സൗദി എയര്‍ലെന്‍സിനും എയര്‍ ഇന്ത്യക്കുമൊപ്പം സ്പൈസ് ജെറ്റുമുണ്ട്. ഹാജിമാരുടെ താമസ സൗകര്യമൊരുക്കല്‍ ,ആശുപത്രി സജ്ജീകരണം , ജീവനക്കാരുടെ നിയമനം എന്നിവ പൂര്‍ത്തിയായി. ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഭാരവാഹികള്‍ ജീവനക്കാരുമായി കൂടിക്കാഴ്ചയും നടത്തി.