ജയില്‍ ചാടിയ രണ്ട് വനിതാ തടവുകാര്‍ പിടിയിലായി
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും ചാടിയ രണ്ട് വിചാരണത്തടവുകാർ പിടിയിലായി.
വർക്കല തച്ചോട് സജി വിലാസത്തിൽ സന്ധ്യ(26), കല്ലറ പാങ്ങോട് കാഞ്ചിനട വെള്ളിയംദേശം തേക്കുംകര പുത്തൻ വീട്ടിൽ ശില്പമോൾ(23) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം പാലോടിന് സമീപത്ത് നിന്നാണ് ഇരുവരും പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് ഇവർ ജയിൽ ചാടിയത്.
സന്ധ്യക്കും ശിൽപ്പക്കുമായി പോലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കല്ലറ പാങ്ങോട് സ്വദേശിയായ ശില്പയെ ജോലിചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥന്റെ മോതിരം മോഷ്ടിച്ച കേസിൽ ഈ മാസം ഏഴിന് നഗരൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ സ്വർണം പണയംവെച്ചതിന് പള്ളിച്ചൽ പോലീസ് ജൂൺ 17-നാണ് സന്ധ്യയെ അറസ്റ്റ് ചെയ്തത്.
ഷാഡോ പോലീസിന്റെ ഒരു ടീം ഇവർക്കായി തിരിച്ചിൽ നടത്തി വരികയായിരുന്നു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഇവരുടെ ചിത്രങ്ങൾ നൽകുകയും ചെയ്തിരുന്നു.