പട്ടികജാതിക്കാർക്ക് ഭവനനിർമാണം പൂർത്തിയാക്കാൻ ധനസഹായം
കഴിഞ്ഞ പത്ത് വർഷത്തിൽ ഭവനനിർമാണത്തിന് വിവിധ വകുപ്പുകളുടെ ധനസഹായം ലഭിച്ചിട്ടും നിർമാണം പൂർത്തീകരിക്കാത്തവരും നിർദിഷ്ട രീതിയിലുള്ള മേൽക്കൂര നിർമിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും വീട് നിർമ്മാണം ആരംഭിച്ചിട്ട് പണി പൂർത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാർക്ക് വീട് നിർമാണം പൂർത്തിയാക്കാൻ ഒന്നര ലക്ഷം രൂപാ വരെ പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം അപേക്ഷകൻ/ അപേക്ഷകയുടെ ജാതി, വരുമാനം, ഭൂമിയുടെ കൈവശാവകാശം അല്ലെങ്കിൽ വീടിന്റെ ഉടമസ്ഥാവകാശം (ഏതെങ്കിലും ഒന്ന്) സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വകുപ്പ്/ ഏജൻസികളിൽ നിന്നും ധനസഹായം പൂർണമായും കൈപ്പറ്റിയിട്ടുള്ളവർ അവസാന ഗഡു കൈപ്പറ്റിയ തിയതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ്/ ഏജൻസിയിൽ നിന്നുള്ള സാക്ഷ്യപത്രവും നൽകണം. നിശ്ചിത മാതൃകയിലുള്ള മേൽക്കൂര നിർമിക്കാത്തതിനാൽ അവസാന ഗഡു ധനസഹായ കൈപ്പറ്റാത്തവർ ഏജൻസി/ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രവും സ്വന്തമായി വീട് നിർമിച്ചു പൂർത്തീകരിക്കാത്തവർ വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി/ എൻജിനീയർ നൽകുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ഭവന പൂർത്തീകരണത്തിന് ആവശ്യമായ പ്രവൃത്തികൾ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എൻജിനീയർ/ ഓവർസിയർ അല്ലെങ്കിൽ അംഗീകൃത ബിൽഡിംഗ് സൂപ്പർവൈസർ തയാറാക്കിയ വിശദമായ എസ്റ്റിമേറ്റ് അപേക്ഷയോടൊപ്പം ഉണ്ടാവണം. ഓരോ ഇനത്തിനും വേണ്ടുന്ന തുക വ്യക്തമാക്കുന്ന എസ്റ്റിമേറ്റ് റിപ്പോർട്ടും ഹാജരാക്കണം. നിശ്ചിതമാതൃകയിലുള്ള മേൽക്കൂര നിർമിക്കാത്തവർ അപ്രകാരമുള്ള മേൽക്കൂരയ്ക്കുള്ള തുക വകയിരുത്തിയ ശേഷം മാത്രമേ മറ്റ് പ്രവർത്തികൾക്ക് തുക എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിക്കാവൂ. ലൈഫ് മിഷൻ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവർക്ക് അർഹതയില്ല. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് ജൂലൈ 30നകം അപേക്ഷ സമർപ്പിക്കണം.