നിപ സ്ഥിരീകരിച്ചിട്ടില്ല; ഏത് സാഹചര്യവും നേരിടാൻ സജ്ജം - ആരോഗ്യ മന്ത്രി
കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ നിപയോട് സാദ്യശ്യമാണുള്ളതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നല്ല ചികിത്സ വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി സി രവീന്ദ്രനാഥും കോഴിക്കോട് നിന്നുള്ള മെഡിക്കല്‍ സംഘവും അടിയന്തരമായി ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്തിരുന്നു.
പൂനെയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ നിപയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. എന്നിരുന്നാലും നിപയാണെന്ന് കരുതി തന്നെയുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുമായി ഇടപെട്ട 86പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പനിയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇവരെ അഡ്മിറ്റ് ചെയ്യേണ്ടിവന്നാല്‍ അതിനുള്ള സൗകര്യങ്ങളും സജ്ജമാണ്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനനടപടികള്‍ കോഴിക്കോട് നിന്നെത്തിയ സംഘത്തിന്റെ നേതൃത്വത്തില്‍ നല്‍കും. ഏത് തരത്തിലുള്ള രോഗലക്ഷണമുള്ളവരും ചികിത്സ തേടണം.
നല്ല ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളാണ് ഏകോപിപ്പിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കളമശേരി ഗവ.മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1077, 1056 എന്നീ നമ്പരുകളില്‍ സംശയനിവാരണത്തിന് വിളിക്കാം. കളമശേരി മെഡിക്കല്‍ കോളേജിലെ എല്ലാ സ്റ്റാഫിനും പരിശീലനം നല്‍കും. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും വസ്ത്രങ്ങളും ആംബുലന്‍സുകളും തയ്യാറാക്കിയിട്ടുണ്ട്.
കൂടുതല്‍ കേസുകള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ അങ്ങനെ വന്നാലുള്ള സാഹചര്യവും മുന്നില്‍കാണുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് നിപയുണ്ടായ സമയത്തെപോലെ മാധ്യമങ്ങളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.