നീലത്തടാകവും കല്യാണ ഒറുവും ഒഴുകാംപാറ വെള്ളച്ചാട്ടവും കാണാം
മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക് അടുത്ത് കൊച്ചി മംഗലാപുരം ഹൈവേയിൽ കഞ്ഞിപ്പുര എന്ന സ്ഥലത്ത് നിന്നും ജുമാ മസ്ജിദിനോട് ചേർന്ന് വലത്തോട്ട് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഇവിടങ്ങളിലേക്ക്. വിശ്വകീർത്തി റൂട്ടിലൂടെ കഷ്ടിച്ച് ഒന്നര കിലോമീറ്റർ പിന്നിട്ട് വിശ്വകീർത്തി എത്തുന്നതിന് മുൻപ് ഇടത്തോട്ട് ക്രഷർ റൂട്ടിൽ 1കിലോമീറ്റർ പിന്നിട്ടാൽ. പ്രകൃതി രമണീയമായ കല്യാണ ഒറുവിൽ ചെന്നെത്താം.
വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷൻ പെട്ട സ്ഥലങ്ങളാണ്, മറ്റൊരു വഴി കാടാമ്പുഴയിൽ നിന്നും കഞ്ഞിപ്പുര റൂട്ടിൽ തോണിക്കൽ എന്ന സ്ഥലത്ത് നിന്നും ഇടത്തോട്ട് സഞ്ചരിച്ചാൽ ഇവിടങ്ങളിൽ എത്തിച്ചേരാം. മൺസൂണിൽ ആറുമാസക്കാലം തുടർച്ചയായി ഒരു ഉറവയിൽ നിന്ന് ഒഴുകി തൊഴുവാനൂർ ദേശങ്ങളിലെ തോട്ടിലൂടെ, ചങ്ങമ്പള്ളിയെ തഴുകി കാട്ടിപ്പരുത്തി വില്ലേജിലെ വിവിധങ്ങളായ സ്ഥലങ്ങളിലേക്ക് വെള്ളം പോകുന്ന വളരെ പ്രധാനപ്പെട്ട നിരുറവയാണ് കല്യാണ ഒറു.
കല്യാണ ഒറു വിൽ ചെറുതും വലുതുമായ നിറയെ നീരുറവകളും ചെറു തോടുകളും കൊണ്ട് സമ്പന്നമായ ഒരിടം… വേനലിൽ നിലയ്ക്കാത്ത നീരുറവകളും ധാരാളം ഉണ്ട്. കല്യാണ ഒറുവിനെ ചുറ്റി വയലുകളും ചെറിയ തോതിൽ കാട് മൂടിക്കിടക്കുന്ന സ്ഥലങ്ങളും ഈ കാടുകൾക്കിടയിലൂടെ ഒഴുകുന്ന അതിമനോഹരമായ തോടുകളും ഉള്ള ഒരിടമാണ് കല്യാണ ഒറു.
പക്ഷി മൃഗാധികൾ കൊണ്ട് വനസംഗീതം തീർത്ത ഒരിടം….മടുപ്പ് തോന്നില്ല എത്ര നേരം വേണമെങ്കിലും ഇവിടെ ചിലവഴിക്കുമ്പോൾ, സന്ദർശകൻ ഒരു പക്ഷി സങ്കേതത്തിൽ പോയ ഫീൽ ഇവിടെ നിന്നും അനുഭവപ്പെടും. പരിസര പ്രദേശങ്ങളിൽ ആൾതാമസം ഉള്ളതും എന്നാൽ കരിങ്കൽ കോറികളാൽ മഴക്കാല വെള്ളച്ചാട്ടങ്ങൾ കൊണ്ട് പ്രസിദ്ധവുമാണ്, വെള്ളച്ചാട്ടവും കോറികളിലെ കൊച്ചു തടാകങ്ങളും ഏതു വേനലിനെയും അതിജീവിക്കുന്നവയുമാണ്.
നിലവിൽ പ്രവർത്തന ക്ഷമമായ കോറികൾ രണ്ടെണ്ണം മാത്രമേ നിലവിലൊള്ളൂ ബാക്കിയെല്ലാം വേനലിനെ സമൃതമാക്കുന്ന ജല സംഭരണി പോലെ ഉപയോഗ ശൂന്യമായി നിലകൊള്ളുകയാണ്.
വർഷങ്ങൾക്കു മുൻപ് ഈ നീരുറവയെ ആശ്രയിച്ചു ഇവിടുത്തുകാർ കാർഷിക വൃത്തിക്ക് ജലസേചനം നടത്തിയിരുന്നത് ഈ കല്യാണ ഒറുവിലെ ജലം ഉപയോഗിച്ചായിരുന്നു. വട്ടപ്പാറ വളവിൽ നിന്നും കീഴ്പ്പോട്ട് പോകുന്ന റോട്ടിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചാൽ വടക്കേ കുളമ്പ് എന്ന സ്ഥലത്ത് വർഷങ്ങൾക്കു മുൻപ് ഇതിനൊരു തടയണ പണിതിട്ടുണ്ടായിരുന്നു മഴക്കാലത്ത് ഈ തടയണയിൽ കുട്ടികൾ ചാടിക്കുളിക്കുന്നത് സ്ഥിരം കാഴ്ചകളാണ്
താണിയപ്പൻകുന്നിനു മുകളിലെ നീരുറവകൾ സംഗമിച്ച് വടക്കേക്കുളമ്പ്, ചീരാനി ഭാഗത്തേക്ക് ഒഴുകിയെത്തി താഴെ കാവുംപുറംതോട്ടിൽ (വട്ടപ്പാറ വളവിനും കാവുംമ്പുറത്തിനും ഇടക്ക് ഹൈ വേയിൽ കാണുന്ന ) ചേരുന്ന കല്യാണ ഒറുവിലെ ജലം ഒഴുകികൊണ്ടിരിക്കുന്നു . കല്യാണ ഒറുവില് നിന്നും ഒഴുകി വരുന്ന ജലം തോട്ടിൽ ചിറ കെട്ടി ജലസേചനം നടത്തിയതിന്റെ തിരുശേഷിപ്പുകൾ ഇന്നും അവിടെ കാണാനാകും.
ഈ തോടിന് ഇരുവശവും കൃഷിയിടങ്ങളുണ്ട് മേഖലയിലെ നൂറുകണക്കിനു ഏക്കർ കൃഷിയിടങ്ങൾക്ക് അണ മുൻപ് പ്രയോജനകരമായിരുന്നു. തോടിനോട് ഓരം ചേർന്ന് നിൽക്കുന്ന വയലുകളും കാലികളും എന്തിനേറെ ഗ്രാമങ്ങളുടെ ഗ്രാമീണ ഭംഗിയും ഇന്നും ഇവിടങ്ങളിൽ കാണാൻ കഴിയും. ഗൃഹാതുരുത്വം ഉണർത്തുന്ന ഗ്രാമീണ കാഴ്ച്ചകളുടെ വശ്യസൗന്ദര്യം കല്യാണ ഒറു ഒഴുകുന്ന തീരങ്ങളിൽ ഇന്നും പച്ചപിടിച്ച് നിൽപ്പുണ്ട്.
മയിൽ… കാട്ട് കോഴി….തത്ത കുരുവികൾ….കുരങ്..കുറുനരി.. . Wild cat .. ചിത്ര ശലഭങ്ങൾ.. പെരുമ്പാമ്പ് … തുടങ്ങിയ പക്ഷികളും,മൃഗങ്ങളും ഉരഗങ്ങളും, സസ്തനികളുടെയും വാസ- സ്ഥലങ്ങളാണിവിടങ്ങളിൽ . ശെരിക്കും ഇവിടെ ഒരു ചെറിയ കാടിന്റെ മൂകതയും വന സൗന്ദര്യവും ആസ്വദിക്കാൻ കഴിയും, കാനന പാതകളും കരിങ്കൽ കോറികളും ഇവിടെ കാണാനിടയാകും.
“”” കാട് തേടി അകലങ്ങളിലേക്ക് പോകേണ്ടതില്ല ! ഗ്രാമീണ കാഴ്ചകൾ തേടി അലയേണ്ടതില്ല !. എല്ലാം ഈ പ്രദേശങ്ങളിലുണ്ട് “” ഇതിനോട് അടുത്ത് കിടക്കുന്ന മറ്റൊരു സ്ഥലമാണ് കല്യാണ ഒറുവിലെ കരിങ്കൽ കോറിയിലെ നീല തടാകം.. ഏതു വേനലിലും വറ്റാത്ത ജലമാണ് ഈ തടാകത്തിന്റ സവിശേഷത. വിദൂരതയിൽ നിന്നുമല്ലാതെ ഒട്ടനവധി ജനങ്ങൾ മഴക്കാലത്തും വേനലിലും ഇവിടേക്ക് കുളിക്കാൻ വരുന്നത് പതിവ് കാഴ്ചയാണ് .
ഈ തടാകത്തിലെ മറ്റൊരു പ്രത്യേകത ധാരാളം ചെറിയ ചെറിയ കല്ലേരി മീനുകൾ ഉണ്ട്, ചിലരുടെ പ്രധാന ഹോബി വെള്ളത്തിൽ കാൽ മുക്കി വെച്ച് മീനുകളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നത് കാണാം, ഇതിനായി ഇങ്ങോട്ട് വരുന്നവരുടെ എണ്ണവും അടുത്തകാലത്തായി ക്രമാതീതമായ് വർദ്ധിച്ചു വരുന്നുണ്ട്. ഈ കോറിയിൽ തന്നെ മഴക്കാലമായാൽ പാറമടയ്ക്ക് 40 അടി മുകളിൽ നിന്നും ആഴ്ന്നിറങ്ങുന്ന അതി മനോഹരമായ വെള്ളച്ചാട്ടവും ഉണ്ട്. അവധി ദിനങ്ങൾ ആഘോഷമാക്കാൻ നിരവധി പേർ ഇവിടേക്ക് വരുന്നുണ്ട്.
ഒഴുകാം പാറയും കല്യാണ ഒറുവും ഇവക്ക് അടുത്ത് കിടക്കുന്ന കൊറികളിൽ നിന്നും വരുന്ന ഇവയിലെയെല്ലാം നീരുറവയെ പ്രകൃതിക്ക് യാതൊരു ഭംഗവും വരുത്താത്ത രീതിയിൽ സംരക്ഷിച്ച് പുതിയ തടയണ പോലെുള്ളവ നിർമ്മിച്ചാൽ ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും കാർഷികേതര ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പരുവത്തിൽ മാറ്റേണ്ടതിന് മാറി മാറി വരുന്ന ഭരണഘൂടങ്ങൾ മുൻകൈ എടുക്കേണ്ടാതായിട്ടുണ്ട്. കൂടാതെ ടൂറിസം സാധ്യത ഏറെയുള്ള പ്രദേശം കൂടിയാണ്. മഴക്കാലത്ത് വെള്ളച്ചാട്ടം കാണുന്നതിന് വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ വരുന്ന സ്ഥലം കൂടിയാണ്.
യാത്ര യോഗ്യമായ പാതകളും എന്നാൽ ഹൈവേയിൽ നിന്ന് അതി വിദൂരത്തല്ലാത്ത ഒരു ഉൾ പ്രദേശം കൂടിയാണ് കല്യാണ ഒറു. ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ സമയം ജൂൺ മുതൽ ആഗസ്റ്റ് വരെയാണ്, ഈ സമയങ്ങളിൽ വെള്ളച്ചാട്ടവും നീരൊഴുക്കും ധാരാളം ഇവിടങ്ങളിൽ കാണാൻ കഴിയും, ബാക്കി സമയങ്ങളിൽ കോറികളിലെ വിനോദം മാത്രമേ സാധ്യമാവുകയൊള്ളു..
” കല്യാണ ഒറുവും ഒഴുക്കാൻ പാറയുമെല്ലാം മഴക്കാല സുന്ദരികളാണ്, മഴ കനിഞ്ഞു നൽകിയ പ്രകൃതിയിലെ ചില അത്ഭുത പ്രതിഭാസങ്ങളിൽ ഒന്ന് മാത്രമാണ് ഇവയെല്ലാം “. ❤ . മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയും പോലെ നമുക്ക് ചുറ്റിലും നമ്മുടെ കാൽ കീഴിൽ പ്രകൃതി ഒരുക്കിവെച്ച നിരവധി പ്രതിഭാസങ്ങളൊന്നും കാണാതെ ഇല്ലാത്ത കാശും സമയവും ഉണ്ടാക്കി അകലങ്ങളിലെ പ്രകൃതി നുണയാൻ പോകുന്ന നാമെത്ര…….വിഡ്ഢികൾ.
Nb : പ്രിയ യാത്രികരെ ഒരു നിമിഷം കോറികളിൽ കുളിക്കുന്നവർ അവിടുത്തെ ജോലിക്കാരുടെ മുന്നറിയിപ്പും നിർദ്ദേശങ്ങളും പാലിക്കുക . അപകടം വിളിച്ചു വരുത്താതിരിക്കുക. പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും ഉപേക്ഷിക്കാതിരിക്കുക. പ്രകൃതിയെ അതിന്റെ തൻമയത്വത്തോടെ നില നിർത്തുക. ഓർക്കുക, നമുക്ക് മുന്പേ സഞ്ചരിച്ചവർ നമ്മളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനെ അതെ പടി നമുക്ക് കൈമാറേണ്ടതുണ്ട് .
റൂട്ട് : തൃശ്ശൂർ നിന്നും 68 കിലോമീറ്റർ. കോഴിക്കോട് നിന്ന് 62 കിലോമീറ്റർ, മലപ്പുറത്ത് നിന്നും 27 കിലോമീറ്റർ. വളാഞ്ചേരിയിൽ നിന്നും 8 കിലോമീറ്റർ.