വിദ്യാഭ്യാസത്തിന്റെ മഹത്വം
വര്‍ത്തമാന കാലഘട്ടത്തില്‍ ഒരുവന്റെ ബഹുമുഖമായ വികാസത്തെ
പരിപൂര്‍ണതയിലെത്തിക്കുന്നത് ശരിയായ വിദ്യാഭ്യാസ പ്രക്രിയയാണ്. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍, വ്യക്തിയില്‍ അന്തര്‍ലീനമായ പൂര്‍ണതയുടെ ബഹിര്‍പ്രകടനമാണ് വിദ്യാഭ്യാസം. വ്യക്തിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ തിരിച്ചറിഞ്ഞ് വികസിക്കുന്നതിലൂടെ സമ്പൂര്‍ണവും സവിശേഷതയുള്ളതുമായ ഒരു വ്യക്തിത്വം സൃഷ്ടിച്ചെടുക്കുവാന്‍ വിദ്യാഭ്യാസത്തിന് കഴിയും എന്നാണ് ഡോ. എന്‍ എ കരിം പരാമര്‍ശിച്ചിട്ടുള്ളത്. ഈ ആശയം മികവാര്‍ന്നതലങ്ങളില്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി നമുക്ക് ലഭ്യമായ വൈവിധ്യമാര്‍ന്ന വിജ്ഞാനോപാധികളെ ശരിയായ രീതിയില്‍ പ്രയോഗിക്കപ്പെടേണ്ടതാണ്. ഒരു വ്യക്തിയുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന ധര്‍മ്മബോധമാണ് ഭാവിജീവിതത്തെ ധാര്‍മ്മികമാക്കുന്നത്. നൈസര്‍ഗ്ഗിക വാസനകള്‍ക്കും സര്‍ഗ്ഗശക്തിക്കും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം അര്‍ഥവത്തായ ജീവിത വിജയം കൈവരിക്കുമെന്നതില്‍ സംശയമില്ല.
കൂട്ടുകാരേ, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ശരിയായ ബോധത്തില്‍ നിന്ന് അറിവിന്റെ ആരംഭം കുറിക്കുകയും അതിലൂടെ ജ്ഞാന സമ്പാദനം ഉള്‍ക്കൊള്ളുവാനുമുള്ള പ്രാപ്തി നേടാനും കഴിയും. വിദ്യാഭ്യാസം ഒരു വ്യക്തിയിലുള്ള നന്മയെ പരിപോഷിപ്പിക്കുകയും തിന്മയെ ഉന്മൂലനാശം വരുത്തുകയും ചെയ്യും. അടിസ്ഥാനപരമായി നല്ലതും ചീത്തയും വേര്‍തിരിച്ചറിയുവാനും അതിലൂടെ നന്മയെ സ്വീകരിക്കുവാനും തിന്മയെ തിരസ്‌കരിക്കുവാനും ശരിയായ വിദ്യാഭ്യാസത്തിന് സാധിക്കും. വ്യക്തിയുടെ സര്‍വ്വോന്മുഖമായ വികാസമാണ് വിദ്യാഭ്യാസത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.
കൂട്ടുകാരേ, ഏതുതരം സങ്കീര്‍ണ ഘട്ടത്തിലായാലും സ്വന്തം ധാര്‍മ്മികബോധം ഉപേക്ഷിക്കാതെ, സത്യസന്ധമായി മനഃസാന്നിധ്യത്തോടുകൂടി ജീവിതം നയിക്കുവാനുള്ള മാനസിക വളര്‍ച്ചയും ബുദ്ധിവികാസവും ആത്മബോധവും വാര്‍ത്തെടുക്കുവാന്‍ വിദ്യാഭ്യാസത്തിന് കഴിയും. അതിലൂടെ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വിശിഷ്യ ലോകത്തിനും മാതൃകയായി ലോകനന്മ പ്രദാനം ചെയ്യുവാന്‍ ഓരോ വ്യക്തിക്കും സാധിക്കണം.
കൂട്ടുകാരേ, ദേശീയവും അന്തര്‍ദേശീയവുമായ ശരിയായ അവബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യം. സമൂഹത്തിനിണങ്ങുന്ന വിധത്തിലുള്ള ഒരു ജീവിത രീതിയും വ്യക്തിത്വവും സ്വായത്തമാക്കുവാനും സമൂഹത്തില്‍ വന്നുചേരുന്ന മൂല്യച്യുതികള്‍ക്ക് നേരെ ആരോഗ്യപരമായ രീതിയില്‍ പ്രതികരിക്കുവാനുള്ള ആര്‍ജ്ജവം ഓരോ കുട്ടിയും നേടേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ്. ചുരുക്കത്തില്‍ വ്യക്തിയെ സമ്പൂര്‍ണനാക്കുവാനും സമൂഹത്തിന്റെ നന്മതിന്മകള്‍ തിരിച്ചറിഞ്ഞ് രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ സജീവകണ്ണിയാകുവാന്‍ വ്യക്തിയെ സുസജ്ജമാക്കുകയെന്ന ആത്യന്തിക ലക്ഷ്യമാണ് വിദ്യാഭ്യാസത്തിനുള്ളത്. ആയതിനാല്‍ ഓരോ കൂട്ടുകാരും അവരവരുടെ കഴിവിനും ശേഷിക്കും താത്പര്യത്തിനും അനുസരിച്ച് വിദ്യാഭ്യാസത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് പരമാവധി ഊര്‍ജ്ജസ്വലരായി യത്‌നിക്കുകയും മാതൃകാപരമായ വ്യക്തിത്വവികാസം സ്വായത്തമാക്കേണ്ടതുമാണ്.