Peruvayal News

Peruvayal News

എന്തുകൊണ്ടാണ് ഒരാൾക്ക് മനോരോഗം വരുന്നത്?

എന്തുകൊണ്ടാണ് ഒരാൾക്ക് മനോരോഗം വരുന്നത്?


ഒരു വ്യക്തിയുടെ സ്വഭാവമോ, വൈകാരികപ്രകടനങ്ങളോ അയാളുടെ സാമൂഹികജീവിതത്തെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് വഷളാകുകയാണെങ്കിൽ അയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗമുണ്ടെന്നു കരുതാം. ഉദാഹരണത്തിന്, ദേഷ്യം ഒരു സാധാരണ മാനസികവികാരമാണ്. എന്നാൽ ദേഷ്യം നിയന്ത്രിക്കാനാകാതെ, മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്ന ഒരാൾ മാനസികമായി സാധാരണ നിലയിലാണെന്നു കരുതാനാകില്ല.

നമ്മുടെ വികാരങ്ങളെയും ചിന്താഗതികളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ചില പ്രത്യേകഭാഗങ്ങളിൽ ചില രാസവസ്തുക്കളുടെ അളവിൽ വ്യതിയാനം സംഭവിക്കുമ്പോഴാണ് മനോരോഗം ഉണ്ടാവുന്നത്. ഇത് ശാരീരിക രോഗങ്ങളെപ്പോലെത്തന്നെ ചികിത്സിച്ചു മാറ്റേണ്ടുന്ന രോഗം തന്നെയാണ്. എല്ലാ മാനസിക രോഗങ്ങളിലും നമ്മുടെ തലച്ചോറിൽ ചില തകരാറുകൾ സംഭവിക്കുന്നുണ്ട്. അതിന് ചികിത്സയുണ്ട്, ചികിത്സിച്ചു മാറ്റാനും തയ്യാറാവണം.

മനോരോഗമെന്നാൽ ഭ്രാന്ത് (Psychosis) ആണെന്നുള്ള വലിയൊരു വിശ്വാസം വെച്ചുപുലർത്തുന്നവരാണ് ഭൂരിപക്ഷം പേരും. അതുകൊണ്ടുതന്നെ ചെറിയ ചെറിയ മാനസിക പ്രശ്നങ്ങൾ മറ്റുള്ളവരോട് സംസാരിക്കുവാനോ, അല്ലെങ്കിൽ ഒരു സൈകാട്രിസ്റ്റിനെക്കണ്ട് ചികിത്സനേടുവാനോ പലരും മുതിരുന്നില്ല. എന്നാൽ യഥാർഥത്തിൽ ഭ്രാന്ത്എന്ന അവസ്ഥ, അതായത് താടിയിലും മുടിയിലും ജട വളർന്ന്, പിച്ചും പേയും പറഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വഴിയിലൂടെ നടന്ന് പോകുന്ന ഒരുവന്റെ സ്ഥിതി, മനോരോഗങ്ങളിൽ ഒരു ശതമാനത്തിൽ താഴെപ്പേർക്ക് മാത്രമേ കണ്ടുവരാറുള്ളൂ.

ബഹുഭൂരിപക്ഷം പേരും ചെറിയ ചെറിയ മാനസികപ്രശ്നങ്ങളും രോഗങ്ങളും ഉള്ളവരാണ്. നിസ്സാരമായ മാനസിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ ചികിത്സാരീതികൾ സ്വീകരിക്കാൻ നമ്മൾ വൈമുഖ്യം കാണിക്കുന്നതുമൂലം, പലപ്പോഴും സാമ്പത്തികമായും മറ്റുതരത്തിലും നമ്മൾ ചൂഷണം ചെയ്യപ്പെടാറുണ്ട്. ശാസ്ത്ര പരിചയമില്ലാത്തവരുടെ ഉപദേശ ചികിത്സയും പൂജകളും ജപിച്ചുനൽകലും ബാധയൊഴിപ്പിക്കലും മൂലം രോഗം മൂർച്ഛിച്ചുകാണുന്ന അവസ്ഥ വളരെ സാധാരണമാണ്.

ഭ്രാന്ത് മാത്രമല്ല മനോരോഗം

ശരീരത്തിന് പലതരം രോഗങ്ങൾ വരുന്നതുപോലെ മനസ്സിന്റെ പല ഘടകങ്ങളും അസുഖാവസ്ഥയിലേക്ക് നീങ്ങാറുണ്ട്. ഉദാഹരണത്തിന് വൈകാരികാവസ്ഥയിലുള്ള കാര്യമായ തകരാറാണ് വിഷാദ രോഗത്തിലേക്കോ (Depression), ഉന്മാദാവസ്ഥയിലേക്കോ (Mania) ഉത്ക്കണ്ഠാരോഗത്തിലേക്കോ (Anxiety Disorder) നയിക്കുന്നത്. എന്നാൽ നമ്മുടെ ചിന്താരീതിയിലുള്ള തകരാറാണ് OCD, Delutional disorder എന്നിങ്ങനെയുള്ള രോഗങ്ങളിലേക്ക് എത്തിക്കുന്നത്.

സ്കിസോഫ്രീനിയ എന്ന രോഗത്തിൽ രോഗിയുടെ വ്യക്തിത്വം തന്നെ വിഭജിക്കപ്പെട്ട് അയഥാർഥമായ അനുഭവങ്ങളും ചിന്താഗതികളും മൂലം തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടുന്ന അവസ്ഥയാകുന്നു. എന്നാൽ ഇത്തരം മാറ്റങ്ങളുടെയെല്ലാം അടിസ്ഥാനം മുമ്പ് വിവരിച്ച ചില പ്രത്യേക രാസവസ്തുക്കളുടെ അളവിലുണ്ടാവുന്ന വ്യതിയാനമാണ്. ഉദാഹരണത്തിന് തലച്ചോറിൽ ലിംബിക് ലോബ് എന്ന ഭാഗത്ത് ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ അളവ് കൂടുമ്പോഴാണ് സ്കിസോഫ്രീനിയ രോഗം ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ശാരീരിക രോഗങ്ങളെപ്പോലെ മാനസിക രോഗങ്ങളോരോന്നിനും പ്രത്യേകം ലക്ഷണങ്ങളും പ്രത്യേക ചികിത്സാ രീതികളുമുണ്ട്.

അമിതമായ സന്തോഷവും സംസാരവും പൈസ കൂടുതലായി ചെലവഴിക്കുന്നതും ഭക്തി കൂടുന്നതുമൊക്കെ ഉന്മാദത്തിന്റെ ലക്ഷണമായി തിരിച്ചറിയാൻ വൈകുമ്പോൾ ചിലപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയിലേക്ക് രോഗി എത്തിപ്പെട്ടേക്കാം. കൈകഴുകിയാൽ മതിയാവാത്ത, എന്തു ചെയ്താലും സംശയം തീരാത്ത, എന്തെങ്കിലും കാര്യം മനസ്സിൽ വന്നാൽ അത് മനസ്സിൽ നിന്ന് മായാത്ത OCD എന്ന അസുഖം മറ്റുള്ളവർക്ക് തമാശയായി തോന്നാറുണ്ടെങ്കിലും അനുഭവിക്കുന്നവർക്കത് വലിയൊരു ദുരിതമാണ്.

കാരണമൊന്നുമില്ലാതെ പെട്ടെന്ന് നെഞ്ചിടിപ്പ്, ശ്വാസം കിട്ടാത്ത അവസ്ഥ, മരിക്കാൻ പോകുന്നുവെന്ന തോന്നലുമുണ്ടാകുന്ന Panic disorder എന്ന അസുഖമുള്ള രോഗി സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് രൂപയുടെ അനാവശ്യമായ പരിശോധനകൾ നടത്തിക്കാറുണ്ട്. സ്വന്തം ഭാര്യ രാത്രി ഒന്നു ചുമച്ചുപോയാൽ കാമുകന് സിഗ്നൽ കൊടുത്തതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സംശയ രോഗിയായ ഭർത്താവ് സംശയം മൂർച്ഛിച്ച് കൊലപാതക ശ്രമം നടത്തുമ്പോഴായിരിക്കും ചിലപ്പോൾ മറ്റുള്ളവർ ഇതൊരു രോഗമാണെന്നരീതിയിൽചികിത്സയ്ക്ക് മുൻകൈയെടുക്കുന്നതും.

മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്തത് കേൾക്കുകയും കാണാൻ പറ്റാത്തത് കാണുകയും അടിയുറച്ച യാഥാർഥ്യമല്ലാത്ത ചില വിശ്വാസങ്ങൾ, അതായത് ആരൊക്കെയോ കൊല്ലാൻ വരുന്നു, തന്നെപ്പറ്റി സംസാരിക്കുന്നു എന്നിങ്ങനെയൊക്കെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു സ്കിസോഫ്രീനിയ രോഗിയെ അവന്റേതായ ലോകത്തുനിന്നും സാധാരണ ലോകത്ത് തിരിച്ചു കൊണ്ടുവരണമെങ്കിൽ ശാസ്ത്രീയമായ ചികിത്സകളും അനിവാര്യമാണ്. ക്ലാസ്സിൽ അടങ്ങിയിരിക്കാത്ത കുട്ടി കൂടെയുള്ളവരുടെ ബുക്ക് വലിച്ചുകീറുകയും ഇടയ്ക്കിടെ ഇറങ്ങിപ്പോവുകയും ക്ലാസ്സിൽ യാതൊന്നും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ അവന് വികൃതി കൂടുതലാണ് എന്നുപറഞ്ഞ് പ്രശ്നം നിസ്സാരവത്കരിച്ചാൽ അവന്റെ ADHD എന്ന രോഗാവസ്ഥ തിരിച്ചറിയാതിരിക്കുകയും കാലാകാലം അവൻ പഠനത്തിൽ പിന്നോക്കമാവുകയും ഭാവിയിൽ സമൂഹവിരുദ്ധ വ്യക്തിത്വമുള്ളവനാവുകയും ചെയേ്തക്കാം.

മേൽവിവരിച്ച രോഗത്തിനൊക്കെ ഔഷധ ചികിത്സ മാത്രമാണ് പ്രതിവിധി എന്ന് തെറ്റിദ്ധരിക്കരുത്. പലരിലും ഔഷധ ചികിത്സയും കൗൺസിലിങ് ചികിത്സയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്. ഉദാഹരണത്തിന് Cognitive behavioural therapy അധികം കടുപ്പമില്ലാത്ത വിഷാദരോഗത്തിന് ഫലപ്രദമായ ചികിത്സാരീതിയാണ്. ഇവ കൂടാതെ ചില മാനസിക പ്രശ്നങ്ങൾക്ക് അതായത് ഭാര്യാഭർതൃബന്ധത്തിലെ ചേർച്ചയില്ലായ്മ (Marital discord)കുട്ടികളിലെ സ്വഭാവവൈകല്യങ്ങൾ (Conduct disorder) പഠനവൈകല്യങ്ങൾ(Learning disorder)എന്നിവയിലൊക്കെ കൗൺസിലിങ് ചികിത്സ മാത്രമേ ഫലപ്രദമായി കാണാറുള്ളൂ.

ചികിത്സയും മരുന്നും: തെറ്റിദ്ധാരണകൾ

മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകളെപ്പറ്റിയും വളരെയധികം തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. പാർശ്വഫലങ്ങൾ ഉണ്ടാവുന്നു, വ്യക്തിത്വം നഷ്ടപ്പെടുന്നു, ഒരു പ്രാവശ്യം തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല, രോഗിയെ മയക്കിക്കിടത്തും എന്നിവയാണ് ചില ധാരണകൾ. യഥാർഥത്തിൽ പഴയ കാലങ്ങളിലുള്ള മരുന്നുകളിൽ നിന്ന് വ്യത്യസ്തമായി ഇന്നുപയോഗിക്കുന്ന പുതിയതരം മരുന്നുകൾ മിക്കവയുടെയും പാർശ്വഫലങ്ങൾ നമ്മൾ സാധാരണ ശാരീരിക അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളുമായി താരതമ്യം ചെയ്യാവുന്ന തരത്തിലുള്ളതാണ്. വിഷാദരോഗത്തിനുള്ള പുതിയ പല മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല എന്ന് പറയാവുന്നതാണ്.

എന്തുകൊണ്ട് മനോരോഗം ഉണ്ടാവുന്നു?

ഒരു വ്യക്തിക്ക് മനോരോഗം വരുന്നതിന്റെ കാരണങ്ങളെ ലളിതമായി വിശദീകരിക്കാൻ രണ്ടിടി സിദ്ധാന്തം (Two hit hypothesis) എന്ന സംഗതി ഉപയോഗപ്പെടും രണ്ട് ഇടികൾ അഥവാ രണ്ട് തരം കാരണങ്ങൾ ഒരാളുടെജീവിതത്തിലുണ്ടാകുമ്പോഴാണ് അയാൾക്ക് മനോരോഗം വരുന്നത്.

ആദ്യത്തെ കാരണം, മനോരോഗം വരാനുള്ള ജീവശാസ്ത്രപരമായ സാധ്യതയാണ്.

ചില വ്യക്തികൾക്ക് ചില ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടുതന്നെ, മറ്റുള്ളവരെ അപേക്ഷിച്ച് മനോരോഗം വരാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ജനിതകമായ കാരണങ്ങൾ. കുടുംബത്തിൽ ഒട്ടേറെ പേർക്ക് മനോരോഗം വന്നിട്ടുള്ള ഒരു വ്യക്തിക്ക്, ജീനുകൾ വഴി മനോരോഗ സാധ്യത ലഭിക്കുന്നുണ്ട്. എന്നാൽ ഇതു കേട്ടിട്ട്, മനോരോഗം വന്നിട്ടുള്ള ഒരച്ഛന് പിറക്കുന്ന മക്കൾക്കെല്ലാം മനോരോഗം വരുമെന്ന് തെറ്റിദ്ധരിക്കരുത്. വഴിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന, ഒറ്റയ്ക്കു ചിരിക്കുകയും പിറുപിറുക്കുകയും കൈക്രിയ കാണിക്കുകയും ചെയ്യുന്ന മാനസികരോഗ ബാധിതരെ നാമൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും. മുഷിഞ്ഞ വേഷം ധരിച്ച്, കുളിക്കുകയും പല്ലുതേക്കുകയുമൊന്നും ചെയ്യാതെ നടക്കുന്ന സ്കിസോഫ്രീനിയ

ഗർഭവും പ്രസവവും

ജനിതക കാരണങ്ങളല്ലാതെ, മറ്റ് ചില ജീവശാസ്ത്ര കാരണങ്ങൾ മൂലവും മനോരോഗസാധ്യത കൂടുതലാകാം. ഉദാഹരണത്തിന് ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ രോഗങ്ങൾ, പോഷകാഹാരക്കുറവ്, പരിക്കുകൾ, മാനസിക സമ്മർദ്ദം എന്നിവയൊക്കെ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കാം. ഇത്തരം കുട്ടികൾക്ക് ജനിച്ച ശേഷം, ഭാവിയിൽ മനോരോഗസാധ്യത കൂടുതലാകാം.

പ്രസവസമയത്തെ തകരാറുകൾ മൂലം കുട്ടിയുടെ തലച്ചോറിന് തകരാറുവന്നാലും, അത്തരം കുട്ടികൾക്കു ഭാവിയിൽ മനോരോഗസാധ്യത കൂടുതലാകാം. ജനിച്ച ശേഷം അപകടത്തിൽ തലച്ചോറിനു സാരമായി പരുക്കേൽക്കുന്ന കുട്ടികൾക്കും ഭാവിയിൽ മനോരോഗ സാധ്യത കൂടുന്നു. തലച്ചോറിന്റെ ഏതു മേഖലയ്ക്കാണോ പരിക്കേറ്റത്, അതിനനുസരിച്ചുള്ള പെരുമാറ്റ വൈകല്യങ്ങൾ ഇവരിൽ പ്രത്യക്ഷപ്പെട്ടേക്കും. തലച്ചോറിനെ ബാധിക്കുന്ന അണുബാധകൾ, അനിയന്ത്രിതമായ അപസ്മാരരോഗം തുടങ്ങിവയുള്ള കുട്ടികളിലും പെരുമാറ്റ വ്യത്യാസങ്ങൾ പ്രകടമാകാം. ഇനി കഴുത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകൾ മൂലവും പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാകാം.

സമ്മർദ്ദം

മനോരോഗം ബാധിക്കാനുള്ള രണ്ടാമത്തെ ഇടി അഥവാ രണ്ടാമത്തെ കാരണം ജീവിതത്തിലെ സമ്മർദ്ദ സാഹചര്യങ്ങളാണ്.

ഓരോ പ്രായത്തിലും ഓരോതരം കാരണങ്ങൾമൂലം ഒരു വ്യക്തിക്ക് മാനസികസമ്മർദ്ദമുണ്ടാകാം. ഉദാഹരണത്തിന്, അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നതായിരിക്കും ഏറ്റവും സമ്മർദ്ദമുണ്ടാക്കുന്ന കാര്യം. ഒരു കൗമാരപ്രായക്കാരന് പഠനത്തിന്റെ ഭാരമായിരിക്കാം പ്രശ്നം. ഒരു യുവാവിന് പ്രണയബന്ധത്തിലെ പരാജയമോ ജോലി കിട്ടാതെ വരുന്ന അവസ്ഥയോ പ്രശ്നമാകാം. മദ്ധ്യവയസ്കരായ ആളുകളിൽ ജീവിതപങ്കാളിയുടെ വേർപാടാണ് ഏറ്റവും വലിയ ദുഃഖം. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ, മക്കൾ മരണപ്പെട്ടു പോകുന്നത് സമാനതകളില്ലാത്ത ദുഃഖമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വാർദ്ധക്യത്തിൽ, മക്കളുടെ സാമീപ്യമില്ലാതെ വരുന്നതും, അവരിൽ നിന്നുള്ള അവഗണനകളുമൊക്കെ മാനസികസമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം. ശാരീരിക ആരോഗ്യപ്രശ്നങ്ങളും മരണഭീതിയുമൊക്കെ വാർദ്ധക്യത്തിലെ മാനസികസമ്മർദ്ദം സങ്കീർണ്ണമാക്കുന്ന ഘടകങ്ങളാണ്.

മേൽപ്പറഞ്ഞ രണ്ടു ഘടകങ്ങളും - ജീവശാസ്ത്രപരമായ ഘടകങ്ങളും ജീവിതത്തിലെ സമ്മർദ്ദ സാഹചര്യങ്ങളും - ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചാൽ അയാൾ മനോരോഗിയാകാൻ സാധ്യതയേറെയാണ്. ജീവശാസ്ത്രപരമായ അപകടഘടകങ്ങളുള്ള വ്യക്തിക്ക് നേരിയ തോതിലുള്ള മാനസിക സമ്മർദ്ദമുണ്ടായാൽപ്പോലും, മനോരോഗലക്ഷണങ്ങൾ പ്രകടമാകാം. എന്നാൽ, ജീവശാസ്ത്രപരമായ പ്രശ്നങ്ങളൊന്നുമില്ലാത്തയാൾക്ക് അതികഠിനമായ സമ്മർദ്ദസാഹചര്യങ്ങൾ വന്നാൽ മാത്രമേ പ്രശ്നമുണ്ടാകൂ. ചിലർക്ക് വലിയ തോതിലുള്ള സമ്മർദ്ദസാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ ശേഷിയുണ്ടാകും.
Don't Miss
© all rights reserved and made with by pkv24live