നെഹ്രുട്രോഫി; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തിങ്കളാഴ്ച മുതൽ
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിക്ക് അരങ്ങുണരുന്നു. ഓണല്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ബുക്ക് മൈ ഷോയിലൂടെയായിരിക്കും തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. മറ്റ് രണ്ട് സംവിധാനത്തിലൂടെയും ബുക്ക് ചെയ്യാനുള്ള ക്രമീകരണം ഉടന്‍തന്നെ ആരംഭിക്കും. നേരിട്ട് നല്‍കുന്ന ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഹരിതചട്ടം പാലിച്ച് തന്നെയായിരിക്കും നെഹ്രുട്രോഫി വള്ളംകളി നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികളോ പ്ലാസ്റ്റിക് ഉത്പന്നങ്ങളോ വള്ളംകളി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കുണ്ടാകും. ശുചിത്വമിഷനോടും ഹരിതകേരള മിഷനോടും വേണ്ട സഹായം എന്‍.ടി.ബി.ആര്‍. ആവശ്യപ്പെട്ടിട്ടുണ്ട്.
നെഹ്രുട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉദ്ഘാടനം ചെയ്യാനാണ് സാധ്യത. അദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ നെഹ്രുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യുന്നതിന് സച്ചില്‍ വരാമെന്ന് ഏറ്റതാണ്. പ്രളയംമൂലം വള്ളംകളി മാറ്റിവച്ചതിനാല്‍ പിന്നീട് സച്ചിന് എത്തിച്ചേരാന്‍ സാധിച്ചില്ല. ഇത്തവണ സച്ചിനെ ഏങ്ങനെയും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
29-ന് മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടക്കുന്ന എന്‍.ടി.ബി.ആര്‍.യോഗത്തില്‍ ഉദ്ഘാടകനെ സംബന്ധിച്ചുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്. വള്ളംകളി ലീഗിനും ഈ നെഹ്രുട്രോഫിയോടെ തുടക്കമാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ലീഗിന്റെ ഉദ്ഘാടനം നടത്തുമെന്നാണ് അറിയുന്നത്. വള്ളംകളി ലീഗിനെക്കുറിച്ച് കുടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നിന് 20 വള്ളങ്ങളുടെ ക്യാപ്റ്റന്‍മാരുടെ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.