Peruvayal News

Peruvayal News

ആശങ്ക വേണ്ട; എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ആശങ്ക വേണ്ട; എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി



കണ്ണൂര്‍: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധിച്ചുവെന്ന വാര്‍ത്ത തള്ളി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. ചികിത്സയിലുള്ള രോഗിക്ക് നിപ ബാധിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള രോഗിയുടെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.


നിപയാണെന്നതിന് വിദൂര സാധ്യത മാത്രമാണെന്നാണ് വിദഗ്ധരെല്ലാം പറയുന്നത്. എങ്കിലും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ജില്ലാ കലക്ടറും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. രോഗിയെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ മാസവും ഇതുപോലെ ചില കേസുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അവയെല്ലാം നെഗറ്റീവ് ആയിരുന്നു. നിപയാകാന്‍ വിദൂരസാധ്യത മാത്രമേയുള്ളൂ എങ്കിലും കരുതല്‍ എടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചുവെന്നായിരുന്നു സാമൂഹ്യമാധ്യമ പ്രചാരണം. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വ്യക്തമാക്കി. പനി ബാധിച്ച് എത്തുന്നവരില്‍ നിപയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.


പരിശോധനയുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ജില്ലാ ഭരണകുടം നല്‍കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും കലക്ടര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Don't Miss
© all rights reserved and made with by pkv24live