കരിപ്പൂരിൽ വിമാനം നിലത്തിറങ്ങവേ റണ്‍വേയില്‍നിന്ന് തെന്നിമാറി; വന്‍ ദുരന്തം ഒഴിവായി
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി ലാൻഡിങ് ലൈറ്റിൽ ഇടിച്ചു. വിമാനത്തിന്റെ ചക്രങ്ങൾ തകർന്നെങ്കിലും വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച പുലർച്ചെ 4.40-നാണ് അപകടം.
എത്തിഹാദ് എയറിന്റെ അബുദാബി-കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 84 യാത്രക്കാരാണുണ്ടായിരുന്നത്.വിമാനത്താവളത്തിൽ നിലത്തിറങ്ങവേയാണ് വിമാനം റൺേവയിൽനിന്ന് തെന്നിമാറിയത്. മേഘങ്ങളുടെ തടസ്സം കാരണം പൈലറ്റിന് വ്യക്തമായി കാണാനാവുന്നുണ്ടായിരുന്നില്ല.
അപകടം നടന്ന ശേഷമുള്ള പരിശോധനയിലാണ് വിമാനത്തിന്റെ മുൻ ടയറുകൾ തകർന്നതായി കണ്ടെത്തിയത്. ഇവ മാറ്റി അബുദാബിയിലേക്ക് തിരിച്ച് യാത്ര പുറപ്പെടാനൊരുങ്ങവേ വിമാനത്തിന്റെ ലാൻഡിങ് ലിവറിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടു. തുടർന്ന അബുദാബിയിലേക്കുള്ള് വിമാനത്തിന്റെ സർവീസ് റദ്ദാക്കി.രാവിലെ ഒൻപതിന് പുറപ്പെടുന്ന മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലേക്കയച്ചു. 25 പേരാണ് വിമാനത്തിൽ പോകാനുണ്ടായിരുന്നത്.