Peruvayal News

Peruvayal News

ആർത്തവത്തിനു മുമ്പ് സ്തനങ്ങൾ വേദനിക്കുന്നത് എന്തുകൊണ്ട്?

ആർത്തവത്തിനു മുമ്പ് സ്തനങ്ങൾ വേദനിക്കുന്നത് എന്തുകൊണ്ട്? (Pain In Breasts’ Before Periods)

സ്ത്രീകളുടെ സ്തനങ്ങളിൽ അല്ലെങ്കിൽ കക്ഷത്തിലും അടുത്ത പ്രദേശങ്ങളിലും അല്ലെങ്കിൽ ഇവിടെയെല്ലാം അനുഭവപ്പെടുന്ന വേദനയും അസ്വസ്ഥതയുമാണ് സ്തനങ്ങളിലെ വേദന അല്ലെങ്കിൽ മസ്റ്റാൾജിയ എന്ന് പറയുന്നത്.


ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്തനങ്ങളിലെ വേദന ആർത്തവം അടുത്തുവരുന്നതിന്റെ ലക്ഷണമായിരിക്കാം. ആർത്തവത്തിനു മുമ്പുള്ള സമയത്ത് വേദന അധികരിക്കുകയും ആർത്തവം തുടങ്ങിയ ശേഷമോ കഴിയുമ്പോഴോ കുറയുകയും ചെയ്യാം. സാധാരണയായി, ഒരു സ്തനത്തിലോ രണ്ട് സ്തനങ്ങളിലുമോ സ്തനങ്ങളിൽ എല്ലായിടത്തുമോ ഏതെങ്കിലും ഒരു ഭാഗത്തു മാത്രമോ അല്ലെങ്കിൽ കഷത്തിന്റെ ഭാഗം വരെയോ വേദനയുണ്ടാവാം. എന്നാൽ, സ്തനങ്ങളിലെ വേദന ക്യാൻസറിന്റെ ലക്ഷണമായി കരുതേണ്ടതില്ല.


കാരണങ്ങൾ:


ഹോർമോണുകൾ: ആർത്തവത്തിലേക്ക് നയിക്കുന്നത് ഈസ്ട്രജൻ, പ്രോജെസ്റ്റെറോൺ എന്നീ ഹോർമോണുകളാണ്. ആർത്തവ കാലത്ത് ഈ ഹോർമോണുകളുടെ പ്രവർത്തനഫലമായി സ്തനങ്ങളിലെ പാൽ നാളികളും പാൽ ഗ്രന്ഥികളും വികസിക്കുകയും അതു മൂലം വേദനയനുഭവപ്പെടുകയും ചെയ്യും. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രോലാക്റ്റിൻ ഹോർമോണും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.

മാനസികപിരിമുറുക്കം: മാനസികപിരിമുറുക്കം മൂലം ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാവുകയും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുകയും ചെയ്യും.

ഹോർമോൺ പുന:സ്ഥാപന ചികിത്സ (എച്ച് ആർ ടി): ഇതിനു വിധേയമാകുമ്പോൾ സ്തനങ്ങളിലെ കോശങ്ങൾ വളരെ വേഗത്തിൽ ഇരട്ടിക്കുന്നു. എച്ച് ആർ ടി ചികിത്സയ്ക്ക് വിധേയരാവുന്ന സ്ത്രീകൾക്ക് സ്തനങ്ങളിൽ വേദനയുണ്ടായേക്കാം.

മറ്റു കാരണങ്ങൾ ഇവയാണ്;


കൂടിയ അളവിലുള്ള കഫീൻ ഉപഭോഗം (കാപ്പി, ചായ, കോള, ചോക്കളേറ്റ്, ആരോഗ്യപാനീയങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്നു). സ്തനങ്ങളിലെ വേദനയും കഫീനുമായി നേരിട്ട് ബന്ധമില്ല. എങ്കിലും, കഫീൻ ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും അതുവഴി സ്തനങ്ങളിൽ വേദനയ്ക്ക് കാരണമാവുകയും ചെയ്തേക്കാം.

വണ്ണം കൂടുന്നത് മൂലം സ്തനങ്ങൾ ഭാരിച്ചതാവുകയും വേദനയുണ്ടാവുകയും ചെയ്തേക്കാം.

സ്തനങ്ങൾക്ക് പരിക്കുപറ്റുക (ശസ്ത്രക്രിയയുടെ ഫലമായുണ്ടാവുന്ന കലകൾ)

സ്തനങ്ങളിൽ കാണുന്ന ചെറിയ മുഴകളാണ് സിസ്റ്റുകൾ അല്ലെങ്കിൽ ഫൈബ്രോഅഡിനോമകൾ. ആർത്തവത്തിനു മുമ്പ് ഇവ മൃദുലങ്ങളാവുന്നു.

പാകമാവാത്ത ബ്രാ ധരിക്കുന്നതും വേദനയിലേക്ക് നയിക്കാം.

ഭാരോദ്വഹനം പോലെയുള്ള കടുത്ത ശാരീരിക പ്രവർത്തനങ്ങൾ നെഞ്ചിനും തോളിനും മാറത്തെ മസിലുകൾക്കും ആയാസം നൽകിയേക്കാം.

നെഞ്ചിനെയും വാരിയെല്ലുകളെയും മാറിടത്തിനു താഴെയുള്ള മസിലുകളെയും ബാധിക്കുന്ന കോസ്റ്റോകോൺഡ്രൈറ്റിസ് അല്ലെങ്കിൽ സെർവിക്കൽ സ്പോണ്ടിലൈറ്റിസ് പോലെയുള്ള രോഗാവസ്ഥകൾ.

നിയന്ത്രണം:


ഒഴിവാക്കുക: ആർത്തവം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് മുതൽ കഫീൻ (കാപ്പി, ചായ, ചോക്കളേറ്റ്) ഉപേക്ഷിക്കുക.

കുറയ്ക്കുക: കൊഴുപ്പ് കൂടിയ ഭക്ഷണം.

കൂട്ടുക: ശാരീക പ്രവർത്തനങ്ങൾ – നടത്തം, വ്യായാമം.

മരുന്ന്: മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ മേൽനോട്ടത്തിൽ ആയിരിക്കണം.

ഹോർമോൺ സപ്ലിമെന്റുകളും ഹോർമോൺ ബ്ലോക്കറുകളും സ്തനങ്ങളിലെ വേദനയ്ക്കുള്ള ചികിത്സയ്ക്കായി നിർദേശിക്കാറുണ്ട്. അവയിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;


ഗർഭനിരോധന ഗുളികകൾ

ബ്രോമോക്രിപ്റ്റിൻ (ഹൈപ്പോത്തലാമസിൽ വച്ച് പ്രോലാക്റ്റിനെ തടയുന്നു)

ഡാനസോൾ എന്ന കൃത്രിമ പുരുഷ ഹോർമോൺ

തൈറോയിഡ് ഹോർമോൺ

ഈസ്ട്രജൻ ബ്ലോക്കർ ആയ ടമോക്സിഫെൻ

വേദനകുറയ്ക്കാനായി വേദനസംഹാരികൾ കഴിക്കുകയോ സ്തനങ്ങളിൽ ഓയിൻമെന്റു പുരട്ടുകയോ ചെയ്യാവുന്നതാണ്.


മറ്റുള്ളവ:


അനുയോജ്യമായതും പാകമായതുമായ ബ്രേസിയർ ധരിക്കുക.

വേദനാ സംഹാരിയായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഈവനിംഗ് പ്രിംറോസ് എണ്ണ പ്രയോജനപ്രദമാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ, അപസ്മാരമുള്ളവർ ഇത് ഉപയോഗിക്കരുതെന്ന് ശുപാർശചെയ്യപ്പെടുന്നു.

പിരിമുറുക്കത്തിൽ നിന്നുള്ള മോചനത്തിന് റിലാക്സേഷൻ ടെക്നിക്കുകൾ ചെയ്യുക.

സ്തനങ്ങളിൽ ചൂടുവയ്ക്കുന്നത് അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് സ്തനങ്ങളിലെ വേദന കുറയ്ക്കും.

ഇത് ക്യാൻസറിന്റെ ലക്ഷണമാണോ?


സ്തനങ്ങളിലെ വേദന ക്യാൻസറിന്റെ ലക്ഷണമായേക്കാമെന്ന് കരുതി പല സ്ത്രീകളും വിഷമിക്കാറുണ്ട്. എന്നാൽ, ഇത് ക്യാൻസറിന്റെ ലക്ഷണമല്ല എന്നു മാത്രമല്ല സ്തനത്തിൽ ക്യാൻസർ ഉണ്ടാവുന്നതിനുള്ള അപകടസാധ്യത വർധിപ്പിക്കുന്നുമില്ല. മുഴകളോ തടിപ്പുകളോ ഉണ്ടോ എന്ന് മനസ്സിലാക്കാൻ നിങ്ങൾ സ്തനങ്ങൾ സ്വയം പരിശോധന നടത്തേണ്ടതാണ്.


ഇനി പറയുന്ന തരത്തിൽ സ്തനങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെന്ന് കണ്ടെത്തിയാൽ നിങ്ങൾ ഉടൻ ഡോക്ടറെ കാണേണ്ടതാണ്;


സ്തനങ്ങളിൽ മുഴകൾ

മുലക്കണ്ണിൽ നിന്നുള്ള അസ്വാഭാവിക സ്രവം

നിങ്ങൾക്ക് 40 വയസ്സിനു മുകളിൽ പ്രായം ഉണ്ടെങ്കിലും ഇതുവരെ മാമ്മോഗ്രാം ചെയ്തിട്ടില്ലെങ്കിലും.

ലക്ഷണങ്ങൾ ഉറക്കമില്ലാതാക്കുന്നുവെങ്കിലും മരുന്നുകളും ഭക്ഷണക്രമീകരണവും വ്യായാമങ്ങളും സഹായകമാവുന്നില്ല എങ്കിലും.

രോഗചരിത്രത്തിന്റെയും ശാരീരിക പരിശോധനയുടെയും അടിസ്ഥാനത്തിൽ മാമ്മോഗ്രാം ചെയ്യാനോ  അൾട്രാസൗണ്ട് സ്കാൻ ചെയ്യാനോ ഡോക്ടർ നിർദേശിച്ചേക്കാം,


ആർത്തവത്തിനു മുന്നോടിയായുള്ള സ്തനങ്ങളിലെ വേദന സ്വാഭാവികമാണ്, അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാവേണ്ട ആവശ്യമില്ല. ലളിതമായ പരിഹാരങ്ങൾ തേടുക. വേദനയിൽ മാറ്റമില്ല എങ്കിൽ ഉടൻ ഡോക്ടറെ കാണുക.

Don't Miss
© all rights reserved and made with by pkv24live