അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം
അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം,ക്വാര്‍ട്ടറില്‍ ബ്രസീലിനെ കിട്ടാന്‍ സാധ്യത
കോപ അമേരിക്കയില്‍ ഇന്ന് അര്‍ജന്റീനയ്ക്ക് അതു നിര്‍ണായക പോരാട്ടമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ന് ഖത്തറിനെ ആണ് അര്‍ജന്റീന ഇന്ന് നേരിടുന്നത്. കരുത്തരായ കൊളംബിയയെ സമനിലയില്‍ പിടിച്ചാണ് ഖത്തര്‍ വരുന്നത്. ഇന്ന് വിജയിച്ചില്ല എങ്കില്‍ അര്‍ജന്റീന ക്വാര്‍ട്ടര്‍ കാണില്ല.
ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ പരാഗ്വേയോട് സമനില വഴങ്ങുകയും ചെയ്തിരുന്ന അര്‍ജന്റീന ഇപ്പോള്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് 1 പോയന്റ് മാത്രമാണ് അര്‍ജന്റീനയ്ക്ക് ഇപ്പോള്‍ ഉള്ളത്. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഖത്തറിനെ അര്‍ജന്റീന തോല്‍പ്പിച്ചാല്‍ പോലും രണ്ടാം സ്ഥാനം അര്‍ജന്റീനയ്ക്ക് ഉറപ്പില്ല.
ഇന്ന് ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വേയെ തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് രണ്ടാം സ്ഥാനം ഉറപ്പിക്കാനാവു. മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടില്‍ എത്തേണ്ടി വന്നാല്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ വേറെ ഒരു കടമ്ബ കൂടിയുണ്ടാകും.
ബ്രസീലിനെ ക്വാര്‍ട്ടറില്‍ നേരിടേണ്ട ദുരവസ്ഥ അര്‍ജന്റീനയ്ക്ക് ഉണ്ടാകും. ഗ്രൂപ്പ് ബിയിലെയോ സിയിലെയോ മൂന്നാം സ്ഥാനക്കാരെയാണ് ബ്രസീലിന് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്. അഥവാ ബ്രസീല്‍ ഒഴിഞ്ഞാലും അര്‍ജന്റീനയ്ക്ക് ആശ്വസിക്കാന്‍ കഴിയില്ല. ബ്രസീല്‍ അല്ലാ എങ്കില്‍ ചിലി ആയിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍. അതുകൊണ്ട് തന്നെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം മാത്രമായിരിക്കും ഇന്നത്തെ അര്‍ജന്റീനയുടെ ലക്ഷ്യം.