യുവാവ് ഓടിച്ചകാര്‍ സ്‌കൂള്‍കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിച്ചു. അപകടത്തിൽ ഒരു വിദ്യാർഥിനിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. കാറിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കോട്ടയം എ.ആർ.ക്യാമ്പ് റോഡിൽ അയ്മനത്ത് പുഴ കടവിന് സമീപമായിരുന്നു അപകടം.
എസ്.എച്ച്.മൗണ്ട് സെന്റ് മെർസലിനാസ് സ്കൂൾ വിദ്യാർഥിനിയായ സമീറ, ഓട്ടോ ഡ്രൈവർ നട്ടാശേരി ബിനു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കാർ ഡ്രൈവറായ കളത്തിപ്പടി കൊളോനിയ ബ്യൂട്ടിപാർലർ ഉടമ അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ റിക്ഷയിൽ ആറ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.
ഓട്ടോയിലിടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അനിൽ കുമാറിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു.