വയനാട്ടില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു; ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം
വയനാട്: ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചിരിക്കുന്നു. അതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. നിലവില്‍ നാലു കുട്ടികളുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ചതില്‍ നിന്നാണ് മൂന്ന് കുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയുള്ളതായി സ്ഥിരീകരണം വന്നിരിക്കുന്നത്. നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്‌കൂളിലെ മൂന്ന് കുട്ടികള്‍ക്കാണ് പനി സ്ഥിരീകരിച്ചത്.
തുടര്‍ ചികിത്സയും നിരീക്ഷണവും ആവശ്യമുള്ള കുട്ടികളെ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും തന്നെ ഇപ്പോള്‍ പനി മൂലമുള്ള ഗുരുതരാവസ്ഥയില്ല. കോട്ടയം, മലപ്പുറത്തിനും പുറമെ ഇപ്പോള്‍ വയനാട്ടിലും എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ആരും ഭയക്കേണ്ടതില്ല. എന്നാല്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ജില്ലാ കലക്ടര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.