മോദി സ്തുതി: അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം
മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട കോൺഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം. അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് ഔദ്യോഗിക നടപടികൾ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടാകും.
മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസിറ്റിട്ട സംഭവത്തിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ച് കഴിഞ്ഞ 29ന് കെ.പി.സി.സി.കത്ത് നൽകിയിരുന്നു. എന്നാൽ, വിശദീകരണം നൽകാൻ അദ്ദേഹം തയാറായില്ല. കെ.പി.സി.സി.യുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ മറുപടി നൽകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തുടർന്ന് ഇമെയിൽ വഴിയും രജിസ്ട്രേഡ് തപാൽ വഴിയും വിശദീകരണം ആവശ്യപ്പെട്ട് പാർട്ടി കത്ത് അയച്ചിരുന്നു. കത്ത് അബ്ദുള്ളക്കുട്ടി കൈപ്പറ്റിയിരുന്നു. എന്നാൽ പിന്നീടും വിശദീകരണം നൽകാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് പാർട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കുന്നത്.