കോഴിക്കോട്ട് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: വിൽപനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മംഗലാപുരം സ്വദേശി അൻസാർ (28) നെയാണ് എക്സൈസ് ഇന്റലിജൻസും എക്സൈസ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ബംഗളുരുവിൽ നിന്ന് കോഴിക്കോടേക്ക് ട്രെയിൻ മാർഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. റെയിൽവേ സ്റ്റേഷനിലിറങ്ങിയ ശേഷം ലിങ്ക്റോഡിലൂടെ വരുന്നതിനിടെയാണ് എക്സൈസ് അൻസാറിനെ പിടികൂടിയത്.
അൻസാർ കഞ്ചാവുമായി കോഴിക്കോടെത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എക്സൈസ് സ്ക്വാഡ് അൻസാറിനെ കണ്ടെത്തിയത്. അൻസാർ ആർക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതിനെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അൻസാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വിൽപന നടത്തുന്നവരെ കുറിച്ച് അറിയാനാവുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ കരുതുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജിത്കുമാർ, ഇൻസ്പക്ടർ സുധാകരൻ, ഇന്റലിജൻസ് ഫീൽഡ് ഓഫീസർമാരായ അബ്ദുൾ ഗഫൂർ, കെ.എൻ.റിമേഷ്, യു.പി.മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ റെനീഷ്, അനുരാജ്, വനിതാ എക്സൈസ് ഓഫീസർ സുജല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതിനിടെ ഒന്നര കിലോ കഞ്ചാവുമായി താമരശ്ശേരി വയനാട് ദേശീയ പാതയിൽ നിന്നും മറ്റൊരു യുാവാവും എക്സൈസിന്റെ പിടിയിലായി. മാവൂർ കണ്ണിപറമ്പിലെ കക്കാരത്തിൽ കോയ മകൻ സമീർ ആണ് പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പൾസർ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്