ലഹരിക്കെതിരെ വിവിധ വകുപ്പുകള്‍ യോജിച്ച പ്രചാരണം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍
അന്താരാഷ്ട മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
ലഹരിക്കെതിരെ എക്‌സൈസ്, വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് വകുപ്പുകള്‍ ചേര്‍ന്ന് വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ ലഹരിമാഫിയയുമായി ബന്ധപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാകണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. മാഫിയകള്‍ കുട്ടികളെത്തെന്നെ കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും ലഹരിക്കിരയാവുന്നു. ഇക്കാര്യത്തില്‍ നല്ല ജാഗ്രതവേണം. ഇതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വലുതാണ്. അതോടൊപ്പം സ്‌കൂളുകളുടെ പരിസരം ഒരുതരത്തിലും ലഹരിവസ്തുക്കള്‍ക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കണം. നാടിന്റെ പ്രതീക്ഷകളും ഭാവിവാഗ്ദാനങ്ങളുമായ വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് നാടിന്റെ ഭാവി തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക്് ഒരു ലഹരിമുക്തകേരളമാണ് ആവശ്യം. അത് നമ്മുടെ ഭാവിയുടെ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമിതമായ ലാഭപ്രതീക്ഷയുമായി എത്തുന്ന കഴുകന്‍കണ്ണുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കു രക്ഷാകവചം തീര്‍ക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ എന്തെങ്കിലും വിധത്തില്‍ ലഹരിക്കടിപ്പെട്ടാല്‍ ശിക്ഷയിലൂടെ അവരെ പിന്തിരിപ്പിക്കാനാവില്ല. അവരെ തിരുത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, എക്‌സൈസ് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍, സൗത്ത് സോണ്‍ ജോയിന്റ് കമ്മിഷണര്‍ കെ.എ.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധപ്രവര്‍ത്തനത്തിലുള്ള മികവിന് സന്നദ്ധസംഘടനകള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും വിദ്യാലയങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എക്‌സൈസ് മന്ത്രി വിതരണം ചെയ്തു.