മൂന്നാംനിലയില്‍നിന്ന് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു
അദ്ഭുതകരമായിരുന്നു ആദിക്കിന്റെ രക്ഷപ്പെടൽ. ഫ്ളാറ്റിന്റെ മൂന്നാംനിലയിൽനിന്നു വീണ ഈ രണ്ടരവയസ്സുകാരന് നെറ്റിയിൽ ചെറിയൊരു മുറിവേയുള്ളൂ. നന്നായി മണലുള്ള മുറ്റത്തേക്ക് കമിഴ്ന്നുവീണത് രക്ഷയായി.
ഗ്വാളിയർ സ്വദേശിയും ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ കാന്റീനിലെ ജീവനക്കാരനുമായ ധരംസിങ്ങിന്റെ മകനാണ് ആദിക്. ഗുരുവായൂരിനടുത്ത് തിരുവെങ്കിടം കൃഷ്ണപ്രിയ ഫ്ളാറ്റിലെ മൂന്നാംനിലയിലാണ് ഇവർ താമസിക്കുന്നത്. ശനിയാഴ്ച കാലത്ത് വരാന്തയിൽ അനിയത്തി ഗുഡികയോടൊപ്പം കളിക്കുന്നതിനിടെ തൂണിലൂടെ മുകളിലേക്ക് കയറാൻ നോക്കിയ ആദിക് കൈവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ആത്തിയും അയൽവാസികളായ നാരായണനും സെൽവിയുമെല്ലാം നിലവിളിയോടെ താഴേയ്ക്ക് കുതിച്ചു. മണ്ണിൽ മുഖം പൂഴ്ത്തി വീണുകിടന്ന ആദിക് ഒന്നും സംഭവിക്കാത്തമട്ടിൽ മെല്ലെ എഴുന്നേറ്റു. അരുതാത്തത് എന്തോ ചെയ്തുപോയെന്ന ഭാവത്തോടെ ആ കുട്ടി എല്ലാവരെയും മാറിമാറി നോക്കി.
ഉടൻ കുഞ്ഞിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എക്സ്റേ എടുത്തപ്പോൾ ഒടിവോ ചതവോ കണ്ടില്ല. നെറ്റിയിലെ മുറിവ് കെട്ടിയശേഷം അവർ വീട്ടിലേക്ക് മടങ്ങി.
എന്തായാലും അദ്ഭുതകരമായി രക്ഷപ്പെട്ട ആദിക്കിനെ കാണാൻ അയൽക്കാരുടെ തിരക്കാണ്. പുതിയ രീതിയിൽ ഫ്ലാറ്റിന്റെ മുറ്റം ടൈലിടാത്തത് ഭാഗ്യമായി എന്നാണ് എല്ലാവരും പറയുന്നത്.