പാമ്പുപിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്
തിരുവനന്തപുരം: പാമ്പുപിടിത്തം നിർത്തില്ലെന്ന് വാവ സുരേഷ്. ആളുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ മോശം പരാമർശങ്ങൾക്കെതിരെ നൽകിയ കേസുകളിലൊന്നും പൊലീസ് നടപടിയെടുത്തില്ലെന്നും സുരേഷ് ആരോപിച്ചു.
തനിക്കെതിരെയുളള ആസൂത്രിതമായ സൈബർ ആക്രമണത്തിൽ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. പാമ്പിനെ പിടിക്കാൻ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോൺ സന്ദേശങ്ങളും പതിവായി. പ്രളയത്തിന് ശേഷം നിരവധി പാമ്പുപിടിത്തക്കാർ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ഇത്തരത്തിൽ വഷളായത്. പാമ്പുകളേക്കാൾ വിഷമുളള മനുഷ്യരാണ് തന്‍റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും വാവ സുരേഷ് പറഞ്ഞു.
തീരുമാനമറിഞ്ഞ് നിരവധി പേർ പാമ്പുപിടിത്തം നിർത്തരുതെന്ന് ആവശ്യപ്പെട്ടു. സാധാരണക്കാരായ ഒട്ടേറെ പേർക്ക് തീരുമാനം ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് തിരുത്തുന്നത്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു. പൊലീസിലും സൈബർ സെല്ലിലും പല തവണ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.29 വര്‍ഷമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാല ഉള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.