ടോഡി ബോര്‍ഡ് ഉടന്‍ നിലവില്‍ വരും:
എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍
ടോഡി ബോര്‍ഡ് രൂപീകരണ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഇത് ഉടന്‍ നിലവില്‍ വരുമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത എക്‌സൈസ് ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയനുകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കള്ളു വ്യവസായ വികസന ബോര്‍ഡ് (ടോഡി ബോര്‍ഡ്) രൂപീകരണത്തില്‍ പൊതു നിലപാട് രൂപീകരിച്ചുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.തൊഴിലാളി താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള സുതാര്യമായ നിയമനിര്‍മാണ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കള്ളുവ്യവസായ മേഖലയെ സംഘടിപ്പിക്കുക, വികസിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ടോഡി ബോര്‍ഡ് രൂപീകരിക്കുക എന്ന ആശയം കൊണ്ടുവന്നത്.നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഷാപ്പുകള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് വഴി സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
ശുദ്ധമായ കള്ള് ലഭ്യമാക്കുക, ഉദ്പാദനം കൂടുതലുള്ളയിടങ്ങളില്‍ നിന്നും സംഭരിച്ച് ആവശ്യമുള്ളയിടങ്ങളില്‍ എത്തിക്കുക, കള്ളില്‍ നിന്നും മൂല്യവര്‍ധിത ഉദ്പന്നങ്ങള്‍ തയാറാക്കുക, സീസണുകളില്‍ കള്ള് കേടാകാതെയിരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കുക, ഉദ്പാദന ശേഷി ഏറെയുള്ള തെങ്ങിനങ്ങള്‍ തയാറാക്കുക, ആധുനിക മാതൃകയില്‍ ടോഡി പാര്‍ലറുകള്‍ കൊണ്ടുവരുക,മേഖലയില്‍ നിലവിലുള്ളവര്‍ക്കും പുതുതായി വരുന്ന തൊഴിലാളികള്‍ക്കും പരിശീലനം നല്‍കുക ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണ് ബോര്‍ഡ് രൂപീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ എക്‌സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍(ഭരണം) ഡി.രാജീവ്, കെടിഡബ്ല്യുഡ്ബ്ല്യുഎഫ്ബി ചെയര്‍മാന്‍ കെ.എം.സുധാകരന്‍, കള്ളുവ്യവസായ മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളായ സിഐടിയു പ്രതിനിധികളായ ടി.കൃഷ്ണന്‍, എം.സുരേന്ദ്രന്‍, എം.തങ്കച്ചന്‍, ഐഎന്‍ടിയുസി പ്രതിനിധികളായ എന്‍.അഴകേശന്‍,വി.എസ്.അജിത്കുമാര്‍, കുരീപ്പുഴ വിജയന്‍,എഐടിയുസി പ്രതിനിധി ടി.എന്‍.രമേശന്‍, ബിഎംഎസ് പ്രതിനിധികളായ പി.എസ്.ശശിധരന്‍,ഗോവിന്ദ് ആര്‍ തമ്പി എന്നിവരും പങ്കെടുത്തു.
തൊഴില്‍ജന്യ രോഗങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം :
തൊഴിലും നൈപുണ്യവും മന്ത്രി ടി.പി.രാമകൃഷ്ണന്‍
തൊഴില്‍ജന്യ രോഗങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമസഭയില്‍ മന്ത്രിയുടെ ചേംബറില്‍ നടത്തിയ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പു പ്രവര്‍ത്തന റിവ്യു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ പ്രവര്‍ത്തനം വഴി തൊഴില്‍-നിര്‍മാണ മേഖലയിലെ അപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കുന്നതിനൊപ്പം തൊഴില്‍ ജന്യ രോഗങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കണം. വിവിധ തൊഴില്‍ മേഖലകളിലെ പാക്കിംഗ് സെക്ഷനുകളില്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരേ നിയമപരമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ പരിശോധനകള്‍ നടത്തണം. ഇത്തരം സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പാക്കി അത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മാറ്റണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.ചെറുകിട ഫാക്ടറികള്‍ ഉള്‍പ്പെടെയുള്ളവയെക്കൂടി രജിസ്‌ട്രേഷന്‍ നടപടികളിലേക്ക് എത്തിക്കാനുള്ള ശ്രമമുണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.