ഇത്തവണ നെഹ്റു ട്രോഫി ജലമേളയ്ക്ക് സച്ചിൻ തെണ്ടുൽക്കർ മുഖ്യാതിഥി
അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ സജീവമായി. ഓഗസ്റ്റ് 10 ന് പുന്നമടക്കായലിൽ നെഹ്റു ട്രോഫി ജലമേളയ്ക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയാകും.
പ്രളയം വന്നതിനാൽ കഴിഞ്ഞ കൊല്ലം പകിട്ട് കുറഞ്ഞുപോയ നെഹ്റു ട്രോഫി ജലമേള കൂടുതൽ ആവേശകരമാക്കുന്നതിന്‍റെ ഒരുക്കങ്ങൾ തുടങ്ങി. നെഹ്റു ട്രോഫിക്കൊപ്പം ഐപിഎൽ മാതൃകയിൽ ചാമ്പ്യൻസ് ബോട്ട് ലീഗിനും ഇത്തവണ തുടക്കമാകും. രാവിലെ ചെറുവള്ളങ്ങളുടെ മത്സരം ആയിരിക്കും നടക്കുക.
ഉച്ചതിരിഞ്ഞ് ചുണ്ടൻവള്ളങ്ങൾ പുന്നമടക്കായിലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയും. വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ആദ്യമത്സരം.
നെഹ്റു ട്രോഫിയിൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉണ്ടാവുക. ലീഗിലെ ആദ്യ സ്ഥാനക്കാർക്ക് 25 ലക്ഷമാണ് സമ്മാനത്തുക. 40 കോടി ചെലവിട്ടാണ് സിബിഎൽ സംഘടിപ്പിക്കുന്നത്. അഞ്ച് കൊല്ലത്തിനകം 130 കോടി വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു.
ജൂലൈ 11 മുതൽ നെഹ്റു ട്രോഫിക്കുള്ള രജിസ്ട്രേഷൻ തുടങ്ങും. അതേസമയം, ടിക്കറ്റ് വില്പന തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേതു പോലെ കുറ്റമറ്റരീതിയിൽ സ്റ്റാർട്ടിംഗ് സംവിധാനങ്ങൾ ക്രമീകരിക്കും. ക്ലബുകളും പരിശീലനം തുടങ്ങിക്കഴിഞ്ഞു.