ഇന്ത്യന്‍ പാചകത്തില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഉലുവയും അതിന്‍റെ ഇലയും.
സുഗന്ധവും, എന്നാല്‍ കയ്പ് രുചിയുമുള്ളതാണ് ഇത്. ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ ഉലുവ ഭക്ഷണത്തിന് കൂടുതല്‍ രുചി നല്കും. കറികളിലും, പച്ചക്കറി വിഭവങ്ങളിലും, ഡാലിലും ഉലുവ പൊറോട്ടയിലും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ രുചിക്കപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ..
1. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു
മുലകുടിക്കുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഉലുവ. ഉലുവയിലെ ഡയോസ്ജെനിന്‍ എന്ന ഘടകമാണ് പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്.
2. പ്രസവം എളുപ്പമാക്കുന്നു
ഗര്‍ഭപാത്രത്തിന്‍റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ. പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ ഗര്‍ഭകാലത്ത് ഉലുവ അമിതമായി കഴിക്കുന്നത് ഗര്‍ഭം അലസാനും, മാസം തികയാതെ പ്രസവിക്കാനും കാരണമായേക്കാം.
3. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം
ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ മാസമുറയുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികനിലയിലെ വ്യതിയാനങ്ങള്‍ക്കും, ഹോട്ട് ഫ്ളാഷിനും ഈ ഘടകങ്ങള്‍ ഫലപ്രദമാണ്. ആര്‍ത്തവം ആരംഭിക്കുന്ന കാലത്തും, ഗര്‍ഭകാലത്തും, മുലകുടിപ്പിക്കുന്ന കാലത്തും സ്ത്രീകള്‍ക്ക് ഇരുമ്പിന്‍റെ അപര്യാപ്തത അനുഭവപ്പെടാറുണ്ട്. ഉലുവ പോലുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇരുമ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്താന്‍ സഹായിക്കും. എന്നാല്‍ ഇരുമ്പ് നന്നായി ആഗിരണം ചെയ്യപ്പെടാനായി ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയും ഇതിനൊപ്പം കഴിക്കണം.
4. സ്തനവലുപ്പം കൂട്ടാന്‍
സ്തനവലുപ്പം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഉലുവ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സ്ത്രീകളിലെ ഹോര്‍മോണിനെ സന്തുലനപ്പെടുത്തി സ്തനവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഇവയിലെ ഈസ്ട്രജന് സമാനമായ ഘടകങ്ങള്‍ സഹായിക്കും.
5. കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോള്‍, പ്രത്യേകിച്ച് എല്‍.ഡി.എല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉലുവക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
6. ഹൃദയസംബന്ധമായ ആരോഗ്യം
ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.
7. പ്രമേഹ നിയന്ത്രണം
പ്രമേഹ നിയന്ത്രണത്തിന് ഫലപ്രദമാണ് ഉലുവ. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും. ഇന്‍സുലിന്‍റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്
8. ദഹനം
ഭക്ഷണത്തിലൂടെയെത്തുന്ന വിഷാശങ്ങളെ പുറന്തള്ളാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ഇത് നല്ല ദഹനം നല്കുകയും, മലബന്ധം ഒഴിവാക്കുകയും ചെയ്യും.
9. നെഞ്ചെരിച്ചില്‍ കുറയ്ക്കുന്നു
അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ തടയാന്‍ ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ ഉലുവ ചേര്‍ക്കുന്നത് സഹായിക്കും. ഉലുവയിലടങ്ങിയ പശ ഉദരത്തിലും, കുടലിലും ഒരു ആവരണം തീര്‍ക്കുകയും ആന്തരഭാഗങ്ങളെ മിനുസപ്പെടുത്തുകയും ചെയ്യും. ഉലുവ കുതിര്‍ത്ത ശേഷം കഴിക്കുന്നത് അവയുടെ പുറമേയുള്ള പശ ലഭ്യമാകാന്‍ സഹായിക്കും.
10. പനി, തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസം
ഒരു സ്പൂണ്‍ നാരങ്ങ നീര്, തേന്‍, എന്നിവയ്ക്കൊപ്പം ഉലുവ കഴിക്കുന്നത് പനി വേഗത്തില്‍ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ഉലുവയിലെ പശ ചുമയ്ക്കും, തൊണ്ടവേദനയ്ക്കും ഫലപ്രദമാകും.
11. വന്‍കുടലിലെ ക്യാന്‍സര്‍ തടയുന്നു
ഉലുവയിലെ സാപോനിന്‍ പോലുള്ള ഫൈബര്‍ ഘടകങ്ങള്‍ ആഹാരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. കുടലിലെ കൊഴുപ്പ് പാളിയെ നിലനിര്‍ത്തുന്നതിലൂടെ ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കും.
12. ഭാരം കുറയ്ക്കലും വിശപ്പ് നിയന്ത്രണവും
വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
13. ചര്‍മ്മരോഗങ്ങള്‍, പാടുകള്‍
ഉലുവ അരച്ച് അതില്‍ മുക്കിയ തുണി ശരീരത്തില്‍ വെയ്ക്കുന്നത് പൊള്ളല്‍, കരപ്പന്‍ പോലുള്ളവയ്ക്ക് ഫലപ്രദമാണ്. ശരീരത്തിലെ പാടുകള്‍ മായ്ക്കാനും ഉലുവ സഹായിക്കും.
14. സൗന്ദര്യസംരക്ഷണം
വീട്ടില്‍ ചെയ്യാവുന്ന സൗന്ദര്യസംരക്ഷണ പരിപാടികളില്‍ പ്രധാന ഘടകമാണ് ഉലുവ. മുഖക്കുരു, ചുളിവുകള്‍,പാടുകള്‍ എന്നിവ മാറ്റാന്‍ ഉലുവ ഉപയോഗിച്ച് ഫേസ്പാക്ക് ചെയ്യാം. ഉലുവയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും, ഇരുപത് മിനുട്ട് സമയം ഉലുവയില അരച്ച് മുഖത്തിടുന്നതും ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
15. തലമുടി സംരക്ഷണം
ഉലുവ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുകയും, അരച്ച് തലയില്‍ തേക്കുകയും ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും നല്കും. തിളപ്പിച്ച ഉലുവ ഒരു രാത്രി വെളിച്ചെണ്ണയില്‍ കുതിര്‍ത്ത് വെച്ച് പിറ്റേന്ന് തലയില്‍ തേക്കുന്നത് മുടി കൊഴിച്ചിലിനും, മുടിക്ക് കട്ടിയില്ലാത്തതിനും പരിഹാരമാണ്. താരനെ അകറ്റാനും ഉലുവ ഫലപ്രദമാണ്.