ചര്‍ച്ച പരാജയം: അന്തഃസംസ്ഥാന ബസ് സമരം തുടരും
അന്തഃസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ നടത്തിവരുന്ന സമരം തുടരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകളുടെ സംഘടന നടത്തിയ ചർച്ച പരാജയപ്പെട്ടു. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്നപേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് അന്തഃസംസ്ഥാന ബസ്സുകളിൽനിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പരിശോധന നിർത്തിവെക്കണമെന്ന് ബസ് ഉടമകൾ മന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.
എന്നാൽ, ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് നിർത്തിവെക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗതമന്ത്രി മുന്നോട്ടുവച്ചുവെങ്കിലും ബസ് ഉടമകൾ അംഗീകരിച്ചില്ല.