യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കി
യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ അന്തഃസംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസ്സിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി. തൃശ്ശൂർ ആർ.ടി.എ സമിതിയുടേതാണ് തീരുമാനം. പതിനേഴ് പരാതികൾ കല്ലട ബസ്സിനെതിരെ നേരത്തെ ഉയർന്നിരുന്നുവെന്ന് സമിതി കണ്ടെത്തി. ഗുരുതര പരാതി ഉയർന്നിട്ടും ബസ്സിന്റെ പെർമിറ്റ് റദ്ദാക്കാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ വിമർശം ഉയർന്നിരുന്നു.
ഏപ്രിൽ 21-ന് പുലർച്ചെയാണ് കല്ലട ബസ്സിലെ യാത്രക്കാരായ യുവാക്കൾക്ക് ജീവനക്കാരുടെ മർദ്ദനമേറ്റത്. ബസ് കേടുവന്നതിനെത്തുടർന്ന് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ട യുവാക്കൾക്കാണ് മർദ്ദനമേറ്റത്. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി പ്രശ്നങ്ങൾ പരിഹരിക്കുകയും മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാൻ അവസരം ഒരുക്കുകയും ചെയ്തിരുന്നു. ഈ ബസ് വൈറ്റിലയിൽ എത്തിയപ്പോൾ ബസ് ഏജൻസിയുടെ ജീവനക്കാർ യുവാക്കളെ മർദ്ദിച്ചുവെന്നാണ് പരാതി.